6 ലക്ഷം ജീവനാംശം ആവശ്യപ്പെട്ട യുവതിയോട് ‘അധ്വാനിച്ചുണ്ടാക്കണമെന്ന് ‘കോടതി..

കര്‍ണാടക ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ഭർത്താവിൽ നിന്ന് പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശം വേണമെന്നാവശ്യപ്പെട്ട സ്ത്രീക്കാണ് കോടതിയിൽ നിന്ന് രൂക്ഷ വിമര്‍ശനം കേട്ടത്. കര്‍ണാടക സ്വദേശിനിയായ രാധ മുനുകുന്തളയാണ് ഭര്‍ത്താവിൽ നിന്നും പ്രതിമാസം ജീവനാംശമായി ലഭിക്കേണ്ട തുക ഉയര്‍ത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ഭർത്താവ് യുവതിക്ക് 50,000 രൂപ ജീവനാംശമായി നൽകണമെന്നാണ് ബെംഗളൂരു കുടുംബ കോടതി ഉത്തരവിട്ടത്. എന്നാൽ വസ്ത്രം, വള, ചെരിപ്പ് എന്നിവ വാങ്ങാന്‍ മാസം 15,000 രൂപ മാത്രം വേണ്ടി വരും, ഒരു മാസം 60,000 രൂപ ഭക്ഷണത്തിനായും വേണമെന്ന് യുവതി കോടതിയില്‍ വാദിച്ചു. മുട്ട് വേദനക്കും ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുളള ചികിത്സക്കും പ്രതിമാസം നാലഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുമെന്നും സ്ത്രീയുടെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു.

എന്നാല്‍, ഹര്‍ജിക്കാരിയുടെ വാദം കേട്ട വനിതാ ജഡ്ജി ഈ ആവശ്യങ്ങള്‍ കോടതി നടപടികളെ ചൂഷണം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി. ഇത്രയും തുക  ചെലവഴിക്കണമെങ്കില്‍ ഹര്‍ജിക്കാരി ഒറ്റയ്ക്ക് സമ്പാദിച്ച് ഉണ്ടാക്കട്ടെ. ഇതെല്ലാം ഒരാള്‍ക്ക് ആവശ്യമുള്ളതാണ്. അത് കോടതിയോട് പറയരുതെന്നും ജഡ്ജി വ്യക്തമാക്കി.

6,16,300 രൂപയാണ് ഒരു മാസം ആവശ്യപ്പെട്ടിരിക്കുന്നത്. ആരെങ്കിലും ഇത്രയും തുക ചെലവഴിക്കുന്നുണ്ടോ? ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീയാണ്, അവര്‍ക്ക് ഇത്രയും തുക ചെലവഴിക്കണമെങ്കിൽ അവര്‍ സമ്പാദിക്കട്ടെ, അല്ലാതെ ഭര്‍ത്താവില്‍ നിന്നല്ല അത്
വാങ്ങേണ്ടത്. നിങ്ങള്‍ക്ക് കുടുംബത്തിന്റെ ഉത്തരവാദിത്വമോ, കുട്ടികളുടെ സംരക്ഷണമോ ഇല്ല. അതിനാല്‍ ആവശ്യങ്ങളില്‍ ന്യായം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ന്യായമായ തുക ആവശ്യപ്പെടാന്‍ കോടതി നിർദേശിച്ചു. അല്ലെങ്കിൽ ഹര്‍ജി തള്ളിക്കളയുമെന്നും സ്ത്രീയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഓഗസ്റ്റ് 20-ന് നടന്ന കോടതി നടപടിയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.