ദുരിതബാധിതരുടെ വായ്പയുടെ തിരിച്ചടവ് പിടിച്ച നടപടി ; ഗ്രാമീൺ ബാങ്കിനെതിരെയുള്ള പ്രതിഷേധം രൂക്ഷം

വയനാട്: ഉരുൾ പൊട്ടൽ ബാധിച്ച മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരിത ബാധിതർക്ക് സര്‍ക്കാര്‍ നൽകിയ ആശ്വാസ ധനത്തിൽ നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമായി തുടരുന്നു. ബാങ്കിന്റെ കല്പറ്റ റീജിയണല്‍ ഓഫീസ് ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും ഉപരോധിച്ചിരിക്കുകയാണ്. അതി രാവിലെ ഡി.വൈ.എഫ്.ഐ. പ്രതിഷേധവുമായെത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്- യൂത്ത് ലീഗ് പ്രവര്‍ത്തകരും രംഗത്തെത്തി. ബാങ്കിനുള്ളിലും കയറിയ പ്രവര്‍ത്തകര്‍ അതി ശക്തമായാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ പലപ്പോഴും ഉന്തും തള്ളും ഉണ്ടായി. സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്

സംഭവം വിവാദമായതോടെ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായ ധനമായി നല്‍കിയ 10,000 രൂപയില്‍നിന്ന് പിടിച്ചെടുത്ത തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവിറക്കിയിട്ടുണ്ട്
ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ സഹായമായ പതിനായിരം രൂപ അക്കൗണ്ടിലെത്തിയ ഉടനെയാണ് ബാങ്ക് മനുഷ്യപ്പറ്റ് കാണിക്കാതെ തുക പിടിച്ചെടുത്തത്. ബാങ്ക് വായ്പകള്‍ ഉടനെ തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും സര്‍ക്കാരിന്റെയും ഉറപ്പ് നിലനില്‍ക്കെയാണ് തുക തിരിച്ചു പിടിച്ചത്