മലയാള സിനിമാ മേഖലയിൽ നടക്കുന്ന സ്ത്രീ വിരുദ്ധമായ കാര്യങ്ങളെ തുറന്നു കാണിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ സസ്പെന്‍സുകള്‍ക്കൊടുവിലാണ് ഇന്ന് പുറത്ത് വിട്ടത്. ‘ആകാശം നിഗൂഢതകളുടേത്, ഉപ്പ് പോലും പഞ്ചസാരയായി തോന്നാം’എന്ന ആദ്യ വരി തന്നെ
ഞെട്ടിക്കുന്നതാണ്. സിനിമാ രംഗത്തുള്ളത് പുറമേയുള്ള തിളക്കം മാത്രമെന്നും താരങ്ങള്‍ ചന്ദ്രനെപ്പോലെ സുന്ദരന്മാരല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദുരൂഹതകള്‍ നിറഞ്ഞതാണ് സിനിമ മേഖല. പുറമേ കാണുന്നതു പോലെ സുന്ദരമല്ല ഈ നക്ഷത്രങ്ങളെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
മലയാള ചലച്ചിത്രമേഖലയെ നിയന്ത്രിക്കുന്നത് ഒരുകൂട്ടം ക്രിമിനലുകളാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നും പറയുന്നു. വനിതകള്‍ അടിമുടി വിവേചനം നേരിടുന്നുവെന്നും വ്യാപക ലൈംഗിക ചൂഷണം നടക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അവസരം കിട്ടാന്‍ വനിതകള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു. രാത്രി കാലങ്ങളില്‍ വാതിലുകളില്‍ തുടരെ മുട്ടാണ്. ഇത് കാരണം പേടിച്ച് ഉറങ്ങാന്‍ പോലും കഴിയാറില്ല. ശരിയായ ശുചിമുറി സംവിധാനമോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നടിമാരില്‍ സമ്മര്‍ദം ചെലുത്താറുണ്ടെന്നും പരാമര്‍ശമുണ്ട്. പല പ്രമുഖ നടന്‍മാര്‍ക്കും ഇതില്‍ പങ്കുണ്ട്. നടിമാര്‍ പ്രതികരിച്ചാൽ വിലക്കും. നിലപാടെടുത്താൽ ഒഴിവാക്കും. വിമർശിച്ചാൽ നടന്മാർക്കും വിലക്ക് നേരിടേണ്ടി വരുന്നുണ്ട്. സഹകരിക്കുന്ന നടിമാര്‍ക്ക് പ്രത്യേക കോഡ് പേരുണ്ട്. പരാതി നല്‍കിയിട്ടും പൊലീസ് ഇടപെടാതെ മാറി നിന്നു എന്നാണ് ഒരു നടി നൽകിയ മൊഴി
സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്. ആരെയും നിരോധിക്കാനും വിലക്കാനും ശക്തിയുള്ളവരാണിവര്‍. സിനിമാ മേഖലയെ കയ്യടക്കി മദ്യവും മയക്കുമരുന്നും വ്യാപകമാണ്
ക്രിമിനലുകളാണ് മലയാള സിനിമാ ലോകം നിയന്ത്രിക്കുന്നത്. ക്രിമിനല്‍ ബാക്ക് ഗ്രൗണ്ട് പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. ഇതൊന്നും പരിഹരിക്കാന്‍ പൊലീസ് ഇടപെടലോ മറ്റോ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിനിമാ മേഖലയില്‍ നടക്കുന്ന എല്ലാ മോശം സംഭവങ്ങളെയും തുറന്നു കാണിക്കുന്നതാണ് ഇന്ന് പുറത്ത് വന്ന റിപ്പോര്‍ട്ട്