ശ്വാസം കിട്ടുന്നില്ല. അവസ്ഥ മോശമാണ്, പ്രിയതമേ വിട; കണ്ണ് നിറച്ച് ആ വാക്കുകൾ

1902അമേരിക്കയിലെ ഫ്രറ്റര്‍വില്ലയിലെ ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം അരികിൽ എത്തും മുന്നേ ജേക്കബ് വോവല്‍ എന്ന തൊഴിലാളി ഭാര്യയ്ക്കെഴുതിയ കത്തിലെ വരികളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ശ്വാസം കിട്ടുന്നില്ല, അവസ്ഥ വളരെ മോശമാണ് പ്രിയതമേ വിട ഇതായിരുന്നു ജേക്കബ് വോവലിന്‍റെ വരികള്‍. നീണ്ട 122വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കത്ത് പുറംലോകം അറിയുന്നത്.

1902 മെയ് 19 നാണ് അമേരിക്കയിലെ ഫ്രാറ്റർവില്ലയിലെ ഖനിയില്‍ പൊട്ടിത്തെറിയുണ്ടാവുന്നത്. അപകടത്തില്‍ 190 ഖനിത്തൊഴിലാളികൾ തല്‍ക്ഷണം മരിച്ചു. ജീവനും കൈയ്യില്‍ പിടിച്ച് 26 തൊഴിലാളികള്‍ ഒരു തുരങ്കത്തില്‍ അഭയം പ്രാപിച്ചു. ആ തുരങ്കത്തിലേക്ക് ഓടിക്കയറിയ തൊഴിലാളികളിലൊരാളായിരുന്നു ജേക്കബ് വോവൽ. അവിടെയിരുന്ന് ഭാര്യയോടും മക്കളോടും വിട ചൊല്ലി ഹൃദയസ്പർശിയായ കത്ത് എഴുതി. കുട്ടികളെ നന്നായി വളര്‍ത്തണമെന്നും ജീവിതാവസാനം വരെ തന്നെ ഓര്‍ക്കണമെന്നും കത്തില്‍ കുറിച്ച് ജേക്കബ് വോവൽ മരണത്തിന് കീഴടങ്ങി.

” ജീവന്‍ നിലനിര്‍ത്താന്‍ കുറച്ച് വായു ലഭിക്കണേ എന്നാണ് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്. പക്ഷേ ശ്വാസം കിട്ടുന്നില്ല. അവസ്ഥ വളരെ മോശമാകുകയാണ്. എലന്‍, നീ നന്നായി ജീവിച്ച് സ്വര്‍ഗത്തിലേക്ക് വരണം .നമ്മുടെ കുട്ടികളെ നന്നായി വളര്‍ത്തണം. ദൈവമേ കുറച്ച് ശ്വാസം കിട്ടിയെങ്കില്‍…ജീവനുള്ളിടത്തോളം കാലം എന്നെ ഓര്‍ത്തിരിക്കണം. പ്രിയതമേ വിട…’. മക്കളുടെ ഓരോരുത്തരുടെയും പേരെഴുതി യാത്ര പറഞ്ഞാണ് ജേക്കബ് വോവൽ മരണത്തിന് കീഴടങ്ങിയത്. ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമേ ഇവിടെയുള്ളൂവെന്നും ബാക്കിയുള്ളവര്‍ എവിടെയാണെന്ന് അറിയില്ലെന്നും കത്തില്‍ പറയുന്നു

216 പേരുടെ മരണത്തിനിടയാക്കിയ ഫ്രാറ്റർവില്ലെ ദുരന്തം അക്ഷരാര്‍ഥത്തില്‍ അമേരിക്കയെ പിടിച്ചുകുലുക്കി.ഫ്രാറ്റർവില്ലെ ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ട ഖനിത്തൊഴിലാളികളുടെ സ്മരണയ്ക്കായി,കോള്‍ ക്രീക്ക് കമ്മ്യൂണിറ്റി നോറിസ് ഡാം സ്റ്റേറ്റ് പാർക്കിലെ ലെനോയർ മ്യൂസിയത്തിൽ ഒരു പ്രദർശനം നടത്തുകയുണ്ടായി. അവിടെയാണ് ജേക്കബ് വോവലിന്‍റെ കത്ത് പ്രദര്‍ശിപ്പിച്ചത്.