രാജ്യത്തിന്‍റെ സ്നേഹത്തില്‍ വിങ്ങിപ്പൊട്ടി വിനേഷ്, ദില്ലിയില്‍ ആവേശോജ്ജ്വല സ്വീകരണം

ദില്ലി: പാരീസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യയില്‍ തിരിച്ചെത്തി. അയോഗ്യയാക്കപ്പെട്ട് രാജ്യത്തിന്റെ നോവായി മാറിയ താരത്തിന് വൈകാരികമായ സ്വീകരണമാണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭിച്ചത്. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നീ സഹതാരങ്ങളടക്കം നിരവധി പേരാണ് വിനേഷിനെ സ്വീകരിക്കാനെത്തിയത്. സ്വീകരണത്തിനിടെ വികാരാധീനയായ വിനേഷ് വിങ്ങിപ്പൊട്ടി. എല്ലാവരോടും നന്ദി പറഞ്ഞ വിനേഷ് ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്ന് വ്യക്തമാക്കി. രാജ്യം നല്‍കിയത് സ്വര്‍ണ മെഡലിനേക്കാള്‍ നല്‍കിയ ആദരവെന്ന് വിനേഷിന്റെ അമ്മ പ്രതികരിച്ചു

വിനേഷിന്‍റെ വരവിനോട് അനുബന്ധിച്ച് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ദില്ലിയിലെ സ്വീകരണത്തിന് ശേഷം ജന്മനാടായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലേക്ക് പോകും. അവിടെ ഖാട്ട് പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളില്‍ വിനേഷ് പങ്കെടുക്കും

50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷനാണ് അയോഗ്യയാക്കിയത്. അനുവദനീയമാതിലും 100 ഗ്രാം ഭാരകൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് അന്താരാഷ്ട്ര കായിക കോടതിയില്‍ അപ്പീല്‍ നല്‍കിയങ്കിലും കോടതിയും അയോഗ്യയാക്കിയ നടപടി അംഗീകരിക്കുകയായിരുന്നു. നേരത്തെ പ്രഖ്യാപിച്ച
വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്ന പരോക്ഷ സൂചന നല്‍കുന്ന വിനേഷ് ഫോഗട്ടിന്റെ തുറന്ന കത്ത് ചര്‍ച്ചയായിരുന്നു