മിസിസ് കാനഡ എർത്ത് കിരീടം കണ്ണൂർ സ്വദേശിനിക്ക്

കണ്ണൂർ: മിസിസ് കാനഡ എർത്ത് കിരീടം കണ്ണൂർ സ്വദേശിനി മിലി ഭാസ്‌കറിന്. ജൂലായ് അവസാനം നടന്ന മത്സരത്തിലാണ് മിലി കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മിലി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ‘മാധവം’ വീട്ടിൽ ടി.സി. ഭാസ്കരന്റെയും ജയയുടെയും ഏക മകളാണ്. കാസർകോട് എൽ.ബി.എസ്. എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്‌ട്രോണിക്‌സിൽ ബിരുദവും ബെംഗളൂരു ജെയിൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിങ്ങിൽ മാനേജ്‌മെന്റ് ബിരുദവും ഋഷികേശിൽനിന്ന് യോഗാധ്യാപക കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട് മിലി. 2024 ജനുവരിയിൽ നടന്ന മിസിസ് മലയാളി കാനഡ മത്സരമാണ് സൗന്ദര്യമത്സരത്തിലേക്ക് വഴിതിരിച്ചുവിട്ടത്. മത്സരത്തിന് യോഗ്യത നേടിയ 52 പേരിൽ കൊച്ചിയിൽ നിന്നുള്ള ജനനി, തൃശ്ശൂരിലെ കിത്തു, കോഴിക്കോട്ടെ ചിത്ര എന്നീ മലയാളികളും ഉണ്ടായിരുന്നു. മിസിസ് കാനഡ എർത്തായി തിരഞ്ഞെടുക്കപ്പെട്ടതോടെ മിസിസ് എർത്ത് ഗ്ലോബൽ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇൻഫോസിസിൽ ജോലി ചെയ്യുന്നതിനിടെയാണ് ഡൽഹി മലയാളിയായ മഹേഷ് കുമാറുമായുള്ള മിലിയുടെ വിവാഹം. അതിന് ശേഷം അസെന്ററിൽ ജോലി ചെയ്യുന്നതിനിടെയാണ് കാനഡയിലെ പ്രശസ്തമായ ഡെലോയിറ്റ് എന്ന ഓഡിറ്റ് കമ്പനിയിൽ മാനേജറായി ചേർന്നത്. ഒൻപത് വർഷമായി കാനഡയിൽ തുടരുന്ന മിലി ഇപ്പോൾ കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ്. കാനഡയിൽ വിദ്യാർഥികളായ തമന്ന, അർമാൻ എന്നിവരാണ് മക്കൾ.

യോഗയുടെ ശക്തി പുതിയ തലമുറയ്ക്ക് പകർന്ന് കൊടുക്കണമെന്നും അതിന് വലിയ മാറ്റം ഉണ്ടാക്കാനാകുമെന്നും മിസിസ് കാനഡ എർത്ത് പട്ടം നേടിയ കണ്ണൂരുകാരി മിലി ഭാസ്‌കർ പറയുന്നു. കാനഡയിലെ 39 ശതമാനം യുവതയും മാനസികപിരിമുറുക്കം കാരണം ബുദ്ധിമുട്ടുകയാണ്. 12-നും 19-നും ഇടയിൽ പ്രായമുള്ളവരിൽ ആത്മഹത്യാപ്രവണത കൂടുന്നു. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാനാകാത്തതും സാമൂഹികമാധ്യമങ്ങളുടെ അതിപ്രസരവുമാണ് ഇതിന് പിന്നിലെന്നും യോഗ പരിശീലനം വഴി ഒരു പരിധിവരെ പുതിയ തലമുറയെ നേർവഴിക്ക് നടത്താനാകുമെന്നും രണ്ട് കുട്ടികളുടെ അമ്മയായ മിലി അഭിപ്രായപ്പെട്ടു.