വയനാടിന് പിന്നാലെ കോഴിക്കാടും പാലക്കാടും ഭൂപ്രകമ്പനം. ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ദര്‍

വയനാട് നെന്മേനിയിലെ ചില മേഖലകളിലാണ് രാവിലെ ഭൂമിയ്ക്കടിയിൽ നിന്നും അസാധാരണമായ ശബ്ദമുണ്ടായത്. ഇടി മുഴക്കം പോലുള്ള ശബ്ദം ഭൂമിക്കടിയിൽ നിന്നും കേട്ടു എന്നാണ് നാട്ടുകാർ പറയുന്നത്. അമ്പുകുത്തി മലയുടെ താഴ് വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടെന്നും പ്രദേശവാസികൾ പറയുന്നു. ആനപ്പാറ, താഴത്തു വയൽ, കുറിച്യർമല, പിണങ്ങോട്, മോറി ക്യാപ്പ്, എടയ്ക്കൽ എന്നീ പ്രദേശങ്ങളിലാണ് ശബ്ദം ഉണ്ടായത്. ഭൂമി കുലുക്കമുണ്ടായെന്ന സംശയത്തിൽ ആളുകളോട് ഒഴിഞ്ഞു പോകാൻ അധികൃതർ നിർദേശം നൽകിയിരുന്നു. പ്രദേശത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

അതിനിടെ ഭൂമിക്കടിയില്‍ പ്രകമ്പനം ഉണ്ടായതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരികരിച്ചിട്ടുണ്ട്. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്ത് നിന്ന് 30 കിലോമീറ്റർ മാറിയാണ് ഇപ്പോൾ പ്രകമ്പനം ഉണ്ടായിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരും ജിയോളജിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് പരിശോധന നടത്തുന്നു. പ്രകമ്പനമാകാമെന്നും, ആവർത്തിച്ച് മുഴക്കം ഉണ്ടായാൽ ജാഗ്രത വേണമെന്നുമാണ് വിദഗ്‌ധർ പറയുന്നത്.

അതേ സമയം ഭൂകമ്പ മാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ സീസ്മോളജി സെന്റർ വ്യക്തമാക്കി . നിലവിൽ ഭൂകമ്പ സൂചനകൾ ഇല്ലെന്ന് ദുരന്ത നിവാരന്ന അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
അതിനിടെ കോഴിക്കോടും പാലക്കാടും ഭൂമിക്കടിയിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടതായി നാട്ടുകാർ വ്യക്തമാക്കി. കോഴിക്കോട് കൂടരഞ്ഞി, മുക്കം എന്നീ പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും അസാധാരണമായ ശബ്ദം കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു.