ഗുണ്ടയുമായി ചേർന്ന് തട്ടിപ്പ് നടത്തി പോലീസ് സഹോദരിമാർ.. ഞെട്ടി പോലീസ് സേന

വനിതാ പോലീസ് സഹോദരിമാർ ഗുണ്ടയുമായി ചേർന്ന് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ഞെട്ടി പോലീസ് സേന. തിരുവനന്തപുരം വിഴിഞ്ഞം കോസ്‌റ്റൽ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ സംഗീത, സഹോദരി തൃശൂർ വനിതാസെല്ലിലെ സുനിത എന്നിവരാണ് ഗുണ്ടുകാട് സാബു എന്ന ഗുണ്ടയുമായി ചേർന്ന് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം കാട്ടായിക്കോണം ജയനഗറിൽ ആതിരയുടെ പക്കൽ നിന്ന്, ഭൂമി വാങ്ങുന്നതിന് അടിയന്തര ആവശ്യത്തിന് എന്ന വ്യാജേനയാണ് പലപ്പോഴായി 19 ലക്ഷം രൂപ തട്ടിയെടുത്തത്.

സൗഹൃദം നടിച്ച് കുടുംബ സുഹൃത്തായി മാറിയ ശേഷമായിരുന്നു തട്ടിപ്പ്. എന്നാൽ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇവർ ഗുണ്ടയെ ഉപയോഗിച്ച് ആതിരയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് നല്‍കിയ പരാതിയില്‍ വനിതാ പോലീസ് സഹോദരിമാർക്കും ഭർത്താവ് ജിപ്സൺ രാജ്, ഗുണ്ടുകാട് സാബു, ശ്രീകാര്യം സ്വദേശി ആദർശ് എന്നിവർക്കെതിരെയും കേസെടുത്തു.

പണം തട്ടിയതിനും ഭീഷണിപ്പെടുത്തിയതിനുമായി പല തവണ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്. തുടർന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. തട്ടിപ്പിന് പിന്നിൽ ഭൂമിക്കച്ചവട റാക്കറ്റ് ഉണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ.