അന്ന് സമരമുഖത്ത്, വിനേഷ് ഫോഗട്ട് ഇന്ന് ലോകത്തിന്‍റെ നെറുകയില്‍..

പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഫൈനലില്‍ കടന്നതോടെ നാലാം മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ് രാജ്യം. സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസിനെതിരേ ആധികാരിക ജയം (5-0) സ്വന്തമാക്കിയായിരുന്നു ഇന്ത്യന്‍ താരമായ വിനേഷ് ഫോഗട്ടിന്റെ ഫൈനല്‍ പ്രവേശനം. ഇതോടെ ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും വിനേഷിന് സ്വന്തമായി. എന്നാൽ ലോക ചാംപ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലുമെല്ലാം ഇന്ത്യയുടെ അഭിമാനമായ താരത്തെ ആരാധകർ കഴിഞ്ഞ വർഷം കണ്ടത് ന്യൂഡൽഹിയിലെ തെരുവുകളിലാണ്. വനിതാ ഗുസ്തി താരങ്ങളോടു മോശമായി പെരുമാറിയ ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചുള്ള സമരങ്ങളുടെ മുന്നണി പ്പോരാളിയായിരുന്നു അന്ന് വിനേഷ് ഫോഗട്ട്.

തനിക്കു കിട്ടിയ ഖേൽരത്‌ന, അർജുന പുരസ്കാരങ്ങൾ പ്രതിഷേധ സൂചകമായി ഉപേക്ഷിച്ച വിനേഷ് ദേശീയതാരങ്ങളായ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവർക്കൊപ്പം പുതിയ സമരമുഖം തന്നെയാണ് അന്ന് തുറന്നത്. രാജ്യ തലസ്ഥാനത്തെ തെരുവീഥിയിൽ പൊലീസുകാരുടെ പിടിയിൽ നിന്ന് കുതറുന്ന വിനേഷിന്റെ അന്നത്തെ ചിത്രം ഇന്ത്യൻ കായിക പ്രേമികളു‍ടെ നൊമ്പരമായിരുന്നു. ആ സങ്കടവും അപമാനവും വിനേഷ് തന്നെ ഇപ്പോൾ മായ്ച്ചിരിക്കുന്നു. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ആയിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ് തന്നെ ‘ഓട്ടക്കാലണ’ എന്നു വിളിച്ച് ആക്ഷേപിച്ചെന്നും വിനേഷ് ആരോപിച്ചിരുന്നു. അതിന്റെ തുടർച്ച കൂടിയായിരുന്നു പിന്നീടുള്ള വിനേഷ് ഫോഗട്ടിന്‍റെ സമര പോരാട്ടം.