കാണാതായവരുടെ പട്ടിക പുറത്തു വിട്ടു, പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം…

വയനാട്: കേരളത്തെ കരയിച്ച വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ആളുകളുടെ പട്ടിക പുറത്തു വിട്ടു.138 പേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തു വിട്ടത്.
പട്ടികയിലുള്ളത് മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ നിന്നുള്ളവരാണ്. മേപ്പാടിയില്‍ നിന്നുള്ള ചിലരുടെ വിവരങ്ങളുമുണ്ട്. പേര്, റേഷന്‍ കാര്‍ഡ് നമ്പര്‍, മേല്‍വിലാസം, അടുത്ത ബന്ധുവിന്റെ പേര്, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, കാണാതായവരുടെ ചിത്രം എന്നിവ ഉള്‍പ്പെടുത്തിയ പട്ടികയാണ് പുറത്തിറക്കിയത്.

അതേ സമയം ഇത് താത്കാലിക പട്ടികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 400ലധികം പേര്‍ മരിച്ച ദുരന്തത്തില്‍ 150ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. പട്ടികയില്‍ വിശദാംശങ്ങള്‍ ചേര്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് കഴിയുമെങ്കില്‍ അത് നല്‍കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. കാണാതായവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ 8078409770 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

പട്ടികയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പേര് വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളുമുണ്ട്. പട്ടിക അപൂര്‍ണമായതിനാല്‍ മറ്റുള്ളവരുടെ വിവരങ്ങൾ കൂടി ശേഖരിച്ച് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.