ഇടുക്കി: സർക്കാർ വിതരണം ചെയ്ത ഭക്ഷ്യ സുരക്ഷാ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണയും. ഇടുക്കിയിൽ ആദിവാസി ഊരുകളിൽ വിതരണം ചെയ്ത കിറ്റിലാണ് മായമുണ്ടെന്ന് കണ്ടെത്തിയതിന് 2018ൽ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണ കണ്ടെത്തിയത്. ഈ വെളിച്ചെണ്ണ ഉപയോഗിച്ചതിനെ തുടര്‍ന്ന് വെണ്ണിയാനി ഊരിൽ അറുപത് ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യ വിഷബാധ ഏറ്റു.
കഴിഞ്ഞ മാസത്തിലാണ് പഞ്ഞ മാസത്തിൽ സഹായം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആദിവാസി ഊരിൽ ഭക്ഷ്യ സുരക്ഷാ കിറ്റ് വിതരണം ചെയ്തത്. വെളിച്ചെണ്ണ പാക്കറ്റിന്റെ പുറത്തുണ്ടായിരുന്ന മൊബൈൽ നമ്പറിന് 9 അക്കങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് സംശയത്തിന് വഴി തെളിച്ചതെന്ന് ഭക്ഷ്യ വിഷബാധയേറ്റവര്‍ പറഞ്ഞു. കിറ്റുകൾ ഐ.ടി.ഡി.പി വഴിയാണ് വിതരണം ചെയ്തത്. ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ട്രൈബൽ വകുപ്പിനോട് കാര്യങ്ങൾ തിരക്കിയെങ്കിലും, തൃപ്തികരമായ മറുപടി അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നും ഇവര്‍ വ്യക്തമാക്കി.