തുടര്‍ച്ചയായ രണ്ടാം തോല്‍വി, കിവീസിന് പുറത്തേക്കുള്ള വഴിയൊരുങ്ങി; വെസ്റ്റ് ഇന്‍ഡീസും സൂപ്പര്‍ എട്ടില്‍

ട്രിനിഡാഡ്: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു. തുടര്‍ച്ചയായ രണ്ടാം പരാജയം നേരിട്ടതോടെ സൂപ്പര്‍ എട്ടിലെത്തുക പ്രയാസമായി. ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 13 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം. ജയത്തോടെ വിന്‍ഡീസ് സൂപ്പര്‍ എട്ടിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. 39 പന്തില്‍ 68 റണ്‍സ് നേടിയ ഷെഫാനെ റുതര്‍ഫോര്‍ഡാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനാണ് സാധിച്ചത്. വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാല് വിക്കറ്റെടുത്തു.
ജയം അനിവാര്യമായ മത്സരത്തില്‍ മോശം തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. പവര്‍ പ്ലേ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ കിവീസിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെ (5), ഫിന്‍ അലന്‍ (26) എന്നിവരാണ് മടങ്ങിയത്. ഇതോടെ രണ്ടിന് 34 എന്ന നിലയിലായി ന്യൂസിലന്‍ഡ്. കെയ്ന്‍ വില്യംസണും (1) നിരാശപ്പെടുത്തിയതോടെ മൂന്നിന് 39 എന്ന നിലയിലായി കിവീസ്. ഏകദിന ലോകകപ്പിലെ ഹീറോകളായിരുന്നു രചിന്‍ രവീന്ദ്ര (10), ഡാരില്‍ മിച്ചല്‍ (12) എന്നിവര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

മധ്യനിരയില്‍ ഗ്ലെന്‍ ഫിലിപ്‌സ് (40) നടത്തിയ പ്രകടനം തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. ജെയിംസ് നീഷമാണ് (10) പുറത്തായ മറ്റൊരു പ്രധാന ബാറ്റര്‍. ടിം സൗത്തി (0), ട്രന്റ് ബോള്‍ട്ട് (7) എന്നിവരും പുറത്തായി. മിച്ചല്‍ സാന്റ്‌നര്‍ (21), ലോക്കി ഫെര്‍ഗൂസണ്‍ (0) പുറത്താവാതെ നിന്നു. മോശമായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം. 30 റണ്‍സിനിടെ അവുടെ ആദ്യ അഞ്ച് വിക്കറ്റുകളും നിലംപൊത്തി. ജോണ്‍സണ്‍ ചാള്‍സ് (9), ബ്രന്‍ഡന്‍ കിംഗ് (9), നിക്കോളാസ് പുരാന്‍ (17), റോസ്റ്റണ്‍ ചേസ (0), റോവ്മാന്‍ പവല്‍ (1) എന്നിവരെല്ലാം പാടേ നിരാശപ്പെടുത്തി. സ്‌കോര്‍ 100 കടക്കില്ലെന്ന് തോന്നിച്ചു. തുടര്‍ന്നും കൃത്യമായ ഇടവേളയില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. എന്നാല്‍ ഒരറ്റത്ത് റുതര്‍ഫോര്‍ഡ് ആക്രമണം അഴിച്ചുവിട്ടതോടെ വിന്‍ഡീസ് കളം പിടിച്ചു.

അകെയ്ല്‍ ഹുസൈനൊപ്പം (15) റുതര്‍ഫോര്‍ഡ് 28 ണ്‍സ് കൂട്ടിചേര്‍ത്തു. ഹുസൈന്‍ മടങ്ങുമ്പോള്‍ 11 ഓവറില്‍ ആറിന് 58 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. പിന്നീടുള്ള ഒമ്പത് ഓവറില്‍ പിറന്നത് 90 റണ്‍സ്. ആന്ദ്രേ റസ്സല്‍ (15), റൊമാരിയോ ഷെഫേര്‍ഡ് (13) എന്നിവരും ചെറിയ സംഭവാന നല്‍കി. അല്‍സാരി ജോസഫാണ് (6) പുറത്തായ മറ്റൊരു താരം. ഗുഡകേഷ് മോട്ടി (0) പുറത്താവാതെ നിന്നു. ആറ് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റുതര്‍ഫോര്‍ഡിന്റെ ഇന്നിംഗ്സ്. കിവീസിനായി മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടിന് പുറമെ ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.