പെരുമ്പാവൂർ: കേരള മനസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിൽ വിധിച്ച വധശിക്ഷയാണ് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവച്ചത്. വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയാണ് ഹൈക്കോടതി അംഗീകരിച്ചത്
പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ശാസ്ത്രീയ തെളിവുകള്‍ അംഗീകരിക്കുന്നെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സമൂഹത്തിന് വേണ്ടിയുള്ള നീതിയാണ് നടപ്പാക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് വിധി ന്യായത്തില്‍ വ്യക്തമാക്കി
2016 ഏപ്രില്‍ 18ന് വൈകുന്നേരമാണ് നിയമ വിദ്യാര്‍ഥിനിയെ പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അസം സ്വദേശിയായ അമീറിനെ പിന്നീട് ജൂണിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 14നാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്
നേരത്തേ, വധശിക്ഷ വിധിക്കപ്പെട്ട പ്രതികളുടെ മാനസിക നില, സാമൂഹിക പശ്ചാത്തലം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നീക്കം. പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശിക്ഷായിളവ് സംബസിച്ച് പരിശോധന നടത്തിയത്. നേരത്തെ അമിക്കസ് ക്യൂറിയെ നിയമിച്ച കോടതി ജയില്‍ ഡിജിപിയോട് ഇരുവരുടേയും വിശദാംശങ്ങള്‍ തേടിയിരുന്നു