തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.. കെ. ബാബുവിനെതിരായ സ്വരാജിന്റെ ഹർജി തള്ളി

 

കൊച്ചി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബു എംഎല്‍എയ്ക്ക് ആശ്വാസ വിധി. കോൺഗ്രസ് നേതാവായ കെ ബാബുവിന്റെ വിജയം ഹൈക്കോടതി ശരിവച്ചു. എതിർ സ്ഥാനാർത്ഥി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. ബാബു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നം ഉപയോഗിച്ചുവെന്ന് കാണിച്ചാണ് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. ബാബുവിന്‍റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു
ആവശ്യം. ജസ്റ്റിസ് പി ജി അജിത് കുമാര്‍ ആണ് വിധി പറഞ്ഞത്

തൃപ്പൂണിത്തുറ മണ്ഡലത്തിൽ ‘ശബരിമല അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരം’ എന്ന് പ്രചാരണം നടത്തിയെന്നും അയ്യപ്പന്റെ പേരു പരാമർശിച്ച് ചുവരെഴുത്തുകൾ നടത്തിയെന്നും ഹര്‍ജിയിൽ ആരോപിച്ചിരുന്നു
എന്നാല്‍ ഹര്‍ജിയില്‍ പറഞ്ഞ ആക്ഷേപങ്ങള്‍ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. വോട്ടർമാർക്ക് സ്ലിപ്പ് നൽകി എന്നതിനും സാക്ഷിമൊഴി സാധൂകരിക്കുന്നതിനും തെളിവില്ല, സാക്ഷിമൊഴികൾ മാത്രമായി പരിഗണിക്കാൻ കഴിയില്ല, സാക്ഷികൾക്ക് വിശ്വാസ്യതയില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്

വിധിയിൽ വളരെയേറെ സന്തോഷമുണ്ടെന്ന്
കെ ബാബു പ്രതികരിച്ചു. ജനകീയ വിധി മാനിക്കാത്ത സിപിഎം കോടതി വിധിയെങ്കിലും മാനിക്കാൻ തയ്യാറാകണമെന്നും ബാബു ആവശ്യപ്പെട്ടു.
അയ്യപ്പന്റെ ചിത്രം വച്ച് സ്ലിപ് അടിച്ചിട്ടില്ല. എല്ലാം LDF കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. വിധി യുഡിഎഫ് പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആവേശമാകുമെന്നും
കെ ബാബു പറഞ്ഞു

അതേ സമയം ഹൈക്കോടതി വിധി വിചിത്രമാണെന്നാണ് സ്വരാജ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന ഘട്ടത്തിൽ തന്നെ ചട്ടലംഘനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയിൽ പെടുത്തിയപ്പോള്‍ നടപടിയെടുത്തതാണ്.
തെളിവുകൾ നൽകിയിട്ടും ഇത്തരമൊരു വിധിയുണ്ടായത് വിചിത്രമാണ്. തെറ്റായ സന്ദേശം നൽകുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമായ വിധിയാണിത്. അപ്പീലില്‍ പോകുന്ന കാര്യം പാർട്ടിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും  സ്വരാജ് പറഞ്ഞു