ക്ഷേമ പെൻഷനുകൾ അവകാശമല്ല, സഹായം മാത്രമെന്ന് സർക്കാർ ഹൈക്കോടതിയില്‍

ക്ഷേമ പെൻഷനുകൾ അവകാശമല്ലെന്നും സഹായമായി മാത്രമേ കാണാൻ കഴിയൂ എന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. ക്ഷേമ പെൻഷൻ വിതരണത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാറിന്‍റെ വിശദീകരണം.
ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണെന്നും സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ വിതരണമെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു

50 ലക്ഷത്തിലധികം ആളുകൾക്ക് പെൻഷന് നൽകി വരുന്നുണ്ട്. പണം ലഭിക്കുന്ന മുറയ്ക്ക് പെൻഷൻ വിതരണം നടത്തുമെന്നും സർക്കാർ വിശദീകരിച്ചു. മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷന്‍റെ മൂന്ന് ഗഡു നൽകാൻ തീരുമാനമായതായി സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഒരു ഗഡു നൽകി വരികയാണ്. 2023 നവംബർ, ഡിസംബർ മാസങ്ങളിലെ രണ്ട് ഗഡു ഏപ്രിൽ ഒമ്പത് മുതൽ ഒന്നിച്ച് വിതരണം ചെയ്തു തുടങ്ങും. ഇതോടെ കുടിശികയുള്ള മൂന്ന് ഗഡു പെൻഷൻ തുകയാണ് അർഹരായവരുടെ കൈകളിലേക്ക് എത്തുക