അനുവിനെ കൊന്ന് സ്ഥലം വിട്ടത് 10 മിനിറ്റിനുള്ളിൽ.. പ്രതി മുജീബ് കൊടും ക്രിമിനല്‍

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിയായ അനുവിനെ
കൊലപ്പെടുത്തിയത് അതിക്രൂരമായി. സ്ഥിരം കുറ്റവാളിയായ പ്രതി മുജീബ് റഹ്‌മാൻ കുറ്റകൃത്യം ലക്ഷ്യം വെച്ച് കറങ്ങി നടക്കുന്നതിനിടെയാണ് നടന്നു പോവുകയായിരുന്ന അനുവിനെ കാണുന്നതെന്ന് പോലീസ് പറയുന്നു. അനു സമീപത്തെ ജംഗ്ഷനിലേക്ക് പോവുകയായിരുന്നു. യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത വണ്ടിയില്‍ കയറ്റിയ പ്രതി പട്ടാപ്പകല്‍ യുവതിയെ കൊലപ്പെടുത്തി സ്വർണം കവർന്ന് കടന്നു കളയുകയായിരുന്നു

മുജീബ് റഹ്‌മാൻ കൊലയ്ക്ക് മുമ്പ് പലതവണ പ്രദേശത്ത് കറങ്ങിയതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊലപാതകം നടത്തിയ അതേ റോഡിലാണ് സംഭവ ദിവസം മുജീബ് റഹ്‌മാൻ പല തവണ കടന്നു പോയിട്ടുള്ളത്. മോഷണമായിരുന്നു മുജീബിന്റെ ലക്ഷ്യം. മോഷണമോ പിടിച്ചുപറിയോ നടത്താനായി ആളില്ലാത്ത ഇടറോഡിൽ കറങ്ങി നടക്കുകയായിരുന്നു ഇയാൾ. മുജീബ് റഹ്മാൻ വിവാദമായ മുത്തേരി ബലാത്സംഗ കേസിലെ ഒന്നാംപ്രതിയാണ്. അനുവിന്‍റേതിന് സമാനമായ കേസ് ആയതിനാലാണ് പൊലീസിന് ഇക്കാര്യം പെട്ടെന്ന് ബന്ധപ്പെടുത്തി മനസിലാക്കാനായത്

കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്‍റെ അനുയായി ആണ് മുജീബ് എന്ന വിവരവും പുറത്തു വരുന്നുണ്ട്.
മട്ടന്നൂരിൽ നിന്നും ബൈക്ക് കവർന്ന് പേരാമ്പ്ര വഴി മലപ്പുറത്തേക്ക് പോവുകയായിരുന്നു പ്രതി. പ്രധാന റോഡിൽ നിന്നും അധികമാരും സഞ്ചരിക്കാത്ത ഇട റോഡിലേക്ക് കയറിയത് മോഷണത്തിനായുള്ള സ്ഥലം കണ്ടു വെയ്ക്കാനായിരുന്നു. രാവിലെ ഒമ്പത് മണിക്ക് ശേഷം വലിയ വാഹനങ്ങൾ പോകാത്ത മുളിയങ്ങൾ- വാളൂർ അമ്പലം റോഡിൽ മൂന്ന് തവണ പ്രതി കറങ്ങി. ഇതിനിടെയാണ് ധൃതിയിൽ നടന്നുവരികയായിരുന്ന യുവതിയെ കണ്ടത്. യുവതിയെ ബൈക്കിൽ കയറ്റുന്നതിനും കൃത്യം നടത്തുന്നതിനും ആഭരണങ്ങൾ ഊരാനും രക്ഷപ്പെടാനുമായി പത്ത് മിനുറ്റ് സമയം മാത്രമാണ് പ്രതി എടുത്തത്. അനുവിനെ തോട്ടിൽ താഴ്ത്തി കൊലപ്പെടുത്തി, ആഭരണങ്ങൾ കവർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ മുജീബ് ആകെ എടുത്തത് 10 മിനുറ്റ് മാത്രമാണെന്നതും മുജീബിനുള്ളിലെ കൊടുംക്രിമിനലിനെ വെളിപ്പെടുത്തുന്നു.
കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ 60 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍

കവർച്ചയും കൊലപാതകവും നടത്തി ഹെൽമെറ്റ് ധരിച്ച് പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്ക് തിരിച്ചു. പിന്നീട് എടവണ്ണപ്പാറയിൽ എത്തുന്നതിനിടെ ഒരിക്കൽ പോലും ഹെൽമെറ്റ് ഊരിയില്ല. കൊണ്ടോട്ടിയിലെ വീട് വളഞ്ഞ് സാഹസികമായാണ് പ്രതിയെ പോലീസ് പിടികൂടിയത്