കൊടെക്കനാല്‍: ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന എന്ന ചിത്രം വന്‍ ഹിറ്റായി മാറുകയാണ്. ബോക്സോഫീസില്‍ 150 കോടി എന്ന ലക്ഷ്യം ആഗോളതലത്തില്‍ ചിത്രം മറികടന്നു കഴിഞ്ഞു. ആദ്യമായി തമിഴ്നാട്ടില്‍ 25 കോടി നേടിയ മലയാള ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടിയത്. 2006ല്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടെക്കനാലിലേക്ക് ടൂറുപോയ പതിനൊന്ന് അംഗ സംഘത്തിന്‍റെ അനുഭവമാണ് മഞ്ഞുമ്മലിന്‍റെ കഥയായി മാറിയത്
കൊടെക്കനാലിലെ ഡെവിള്‍സ് കിച്ചണ്‍ എന്ന് അറിയപ്പെടുന്ന ഗുണകേവിന് ആ പേര് വരാന്‍ ഇടയാക്കിയ ഗുണ എന്ന കമല്‍ഹാസന്‍ ചിത്രത്തിന്‍റെ റഫറന്‍സും ചിത്രത്തിന്‍റെ വിജയത്തില്‍ പ്രധാന ഘടകമായി. അതേ സമയം യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സ് 18 വര്‍ഷത്തിന് ശേഷം ഗുണകേവ് സന്ദര്‍ശിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കൊടെക്കനാല്‍ സന്ദര്‍ശനത്തിന് എത്തിയ നിരവധിപ്പേര്‍ ഇവര്‍ക്കൊപ്പം ഫോട്ടോകള്‍ എടുത്ത ചിത്രങ്ങളും വൈറലാകുന്നുണ്ട്