സിദ്ധാര്‍ത്ഥന്‍ നേരിട്ടത് കൊടിയ പീഡനം.. ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനായി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥനെ അതിക്രൂരമായി മർദ്ദിച്ചു. സർവകലാശാലയുടെ നടുത്തളത്തില്‍ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും മർദ്ദിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥനെ നടത്തിച്ചെന്നും പ്രതിയായ സിൻജോ ജോൺ ആണ് സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് ആന്‍റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചു എന്ന് പറയുന്ന പലരുടെയും പേര് പൊലീസിന്‍റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതെക്കുറിച്ച് സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ ജയപ്രകാശ് അടക്കം പലരും പ്രതിഷേധത്തിലാണ്