കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ സിന്‍ജോ ജോണ്സൺ ആണ് മുഖ്യപ്രതി. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ നടത്തുന്നതിനിടെ ചവിട്ടി താഴെയിട്ടതും വയറിന് മുകളില്‍ തള്ളവിരല്‍ പ്രയോഗം നടത്തിയതുമെല്ലാം സിന്‍ജോയാണ്. ഒട്ടേറെത്തവണ അടിക്കുകയും മറ്റുള്ളവരെക്കൊണ്ട് നിര്‍ബന്ധിച്ച് അടിപ്പിക്കുകയുംചെയ്തു. സിദ്ധാര്‍ഥന്റെ കണ്ഠനാളം കൈവിരലുകള്‍ വെച്ച് അമര്‍ത്തിപ്പിടിച്ചു. ഇതോടെയാണ് സിദ്ധാര്ഥന് വെള്ളം കൊടുത്തിട്ടു പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലായതെന്നാണ് വിദ്യാര്‍ഥികള്‍ പോലീസിന് നല്കിയ മൊഴി. ആള്‍ക്കൂട്ടവിചാരണ നടത്താനുള്ള പ്ലാനും സിന്‍ജോയുടേതായിരുന്നു.
സംഭവം പുറത്തു പറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് സിന്‍ജോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് സിന്‍ജോയെ പോലീസ് മുഖ്യ പ്രതിയാക്കിയതും. അവശനായ സിദ്ധാര്ഥന് വെള്ളമാവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ എത്തിച്ചുകൊടുത്തെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ വിശപ്പും ദാഹവും മാറാതെയാണ് സഹപാഠികളുടെ ക്രൂരതയ്ക്കിരയായ ആ വിദ്യാര്‍ഥി മരിച്ചത്. ക്രൂരത കാണിച്ചതില്‍ രണ്ടാമന് കാശിനാഥനാണ്. ബെല്‍റ്റുകൊണ്ട് കൂടുതല്‍ തവണ അടിച്ചത് കാശിനാഥനാണ്. ഇയാള്‍ മനോനില തെറ്റിയപോലെയാണ് സിദ്ധാര്‍ഥനോട് പെരുമാറിയത്. ഇയാൾ ‘സൈക്കോ’ എന്നാണ് അറിയപ്പെടുന്നതെന്നാണ് വിവരം