ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് ഷോക്കേറ്റു

ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് ഷോക്കേറ്റു. രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ സ്പർശിച്ചതാണ് അപകട കാരണമെന്ന് റിപ്പോർട്ട്. ആദ്യം ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് മറ്റ് കുട്ടികൾക്ക് ഷോക്കേറ്റത്. പരിക്കേറ്റ കുട്ടികളെ എംബിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം വൈദ്യുതി വകുപ്പിൻ്റെ അനാസ്ഥയാണ് അപകട കാരണമെന്ന് ആരോപണമുണ്ട്. അപകടസ്ഥലത്ത് ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾ താഴ്ന്ന നിലയിലായിരുന്നു. അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഹീരാലാൽ നഗർ പറഞ്ഞു.