ഞങ്ങൾ മക്കളെ കോപ്പിയടിച്ചായാലും പാസ്സാക്കും

പരീക്ഷയ്ക്ക് കോപ്പിയടിക്കുക എന്നത് കുട്ടികളിൽ കണ്ട് വരാറുള്ള ഒരു സ്വഭാവമാണ്. പിടി വീണ് കഴിഞ്ഞാൽ അതിന് തക്കതായ ശിക്ഷ സ്കൂളുകൾ നൽകാറുമുണ്ട്. മാതാപിതാക്കന്മാർ കോപ്പിയടിക്ക് സാധാരണയായി പ്രോത്സാഹനങ്ങൾ നൽകാറില്ല. എന്നാൽ ഹരിയാനയിലെ നുഹ് ജില്ലയിലെ സ്കൂളിൽ നിന്നും പുറത്ത് വന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. പത്താം ക്ലാസിലെ കുട്ടികളെ പരീക്ഷയ്ക്ക് സഹായിക്കാൻ വേണ്ടി സ്കൂളിന്റെ ചുവരിൽ വലിഞ്ഞു കയറുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും ദൃശ്യങ്ങളാണ് വൈറലായത്

എസ് എസ് എൽ സി ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഉത്തരമെഴുതിയ തുണ്ടു പേപ്പറുകൾ കൈമാറാനാണ് ഇവർ ചുമരിൽ വലിഞ്ഞു കയറുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നുഹ് ജില്ലയിലെ തൗരുവിലെ ചന്ദ്രാവതി സ്കൂളിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. പരീക്ഷ തുടങ്ങി കുറച്ച് നേരം കഴിഞ്ഞപ്പോൾ തന്നെ ചോദ്യപ്പേപ്പർ ചോർന്നിരുന്നു. അത് കുട്ടികൾക്കൊപ്പം സ്കൂളിലെത്തിയ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ബഹളത്തിന് ഇടയാക്കി. അവരും കുട്ടികളെ ഉത്തരം പറഞ്ഞു കൊടുത്ത് സഹായിക്കുന്നതിന് വേണ്ടി സ്കൂളിന്റെ ചുമരിൽ വലിഞ്ഞു കയറി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ പരംജീത് ചാഹൽ പറഞ്ഞു