”SFIക്കാര്‍ ഇല്ലായിരുന്നെങ്കിൽ കോളേജ് കത്തിക്കില്ലായിരുന്നോ” അവിടെ ഇതെല്ലാം പതിവ്

വയനാട്: പൂക്കോട് വെറ്റിനറി സ‍ർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരിച്ച് ക്യാമ്പസിലെ മറ്റൊരു വിദ്യാർത്ഥി. പൂക്കോട് കോളേജിലെ എസ്എഫ്ഐ ഇൻസ്റ്റ​ഗ്രാം പേജിലാണ് പരസ്യ പ്രതികരണം പ്രത്യക്ഷപ്പെട്ടത്. പ്രതിപ്പട്ടികയിൽ എസ്എഫ്ഐയുടെ പ്രതിനിധികൾ അല്ലായിരുന്നുവെങ്കിൽ കോളേജ് കത്തിക്കില്ലായിരുന്നോ എന്നാണ് വിദ്യാർത്ഥി ചോദിക്കുന്നത്. സിദ്ധാർത്ഥന്റെ മരണത്തിൽ ഗുരുതര അനീതിയാണ് നടന്നതെന്നും സംഭവം ഒതുക്കാൻ എസ്എഫ്ഐ ശ്രമിച്ചുവെന്നും വ്യക്തിപരമായ വൈകാരികത മൂലമാണ് മറച്ചു വെച്ചതെന്നും പ്രതികരണത്തിൽ പറയുന്നു

പൂക്കോട് വെറ്ററിനറി കോളേജിൽ മുൻപും ആൾക്കൂട്ട വിചാരണ നടന്നുവെന്നും 2019 ബാച്ചിലേയും 2021 ബാച്ചിലെയും ഓരോ കുട്ടികൾ വീതം ഇത്തരത്തിൽ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായിട്ടുണ്ടെന്നും മർദ്ദന പാടുകൾ മായും വരെ ഒരാഴ്ച്ച ഒളിവിൽ പാർപ്പിച്ചതായും വിവരമുണ്ട്

വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് രണ്ടു സംഭവങ്ങളും നടന്നത്. എന്നാൽ പുറം ലോകമറിഞ്ഞത് സിദ്ധാർത്ഥ് വിചാരണയ്ക്ക് ഇരയായത് മാത്രമാണ്. തിരുവനന്തപുരത്ത് നിന്നുള്ള മറ്റൊരു വിദ്യാർത്ഥിക്കെതിരെ വ്യാജ പീഡന പരാതി നൽകിയെന്നും വിവരമുണ്ട്. ഇത് അധ്യാപകരുടെ സഹായത്തോടെയാണെന്നാണ് വിവരം. വിദ്യാർത്ഥി കോടതിയിൽ പോയി പരാതി തെറ്റാണെന്ന് വ്യക്തത വരുത്തിയ ശേഷമാണ് കോളേജിലേക്ക് തിരിച്ചെത്തിയത്. ഇന്നും ആ വിദ്യാർത്ഥിയെ പ്രത്യേകമൊരു കസേരയിലാണ് ഇരുത്തുന്നുന്നതെന്നും മറ്റ് വിദ്യാർത്ഥികൾ അയാളോട് സംസാരിക്കാറില്ലെന്നും വിവരമുണ്ട്