സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയില്ല

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്താത്തതില്‍ വിമര്‍ശനം. ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടില്ലെങ്കില്‍ പെട്ടെന്നുള്ള പ്രകോപനത്തില്‍ നിന്ന് ആക്രമിച്ചതാവാമെന്ന് പ്രതി ഭാഗത്തിന് വരുത്തിത്തീര്‍ക്കാന്‍ സഹായകമാവും. എല്ലാ പ്രതികളെയും പിടികൂടിയശേഷം ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചേര്‍ക്കുമെന്നാണ് അന്വേഷണ സംഘം പറഞ്ഞിരുന്നത്. പക്ഷേ, മുഴുവന്‍ പേരെയും പിടിച്ചു കഴിഞ്ഞിട്ടും ഇതുവരെ ഗൂഢാലോചനക്കുറ്റം ചേര്‍ത്തിട്ടില്ല

സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് പോയിടത്തു നിന്ന് തിരിച്ചു വിളിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്. പ്രാഥമികമായിത്തന്നെ ഇതില്‍ ഗൂഢാലോചന വ്യക്തമാണെങ്കിലും പോലീസ് പ്രതികളുടെപേരില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടില്ല. ഇത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് വിമര്‍ശനം

അതു പോലെ കൊലപാതകശ്രമം ചുമത്താനുള്ള എല്ലാസാധ്യതകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നു തന്നെ വ്യക്തമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് മര്‍ദ്ദിച്ചതിന്റെ പരിക്കുകള്‍ ശരീരത്തിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുമ്പു കൊണ്ടോ ലാത്തി കൊണ്ടോ അടിച്ചാലാണ് ഇത്തരം പരിക്കുകളുണ്ടാവുക. വയറിന് ചവിട്ടിയതിന്റെയും തള്ള വിരല്‍ അമര്‍ത്തിയതിന്റെയും അടയാളവുമുണ്ട്. മരണകാരണം പരിക്കുകളല്ലെങ്കിലും അതിലേക്ക് നയിക്കുന്ന രീതിയിലുള്ള പരിക്കുകള്‍ കൊലപാതകശ്രമം ചുമത്താന്‍ പര്യാപ്തമാണ്. ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് വധശ്രമം ചുമത്താത്തത് എന്നാണ് ഉയരുന്ന ചോദ്യം