സമരാഗ്നിക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം; ഇന്ന് കോഴിക്കോട് ജില്ലയില്‍

കോഴിക്കോട്: കെ. സുധാകരനും, വി.ഡി. സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര ‘സമരാഗ്നി’ ഇന്ന് കോഴിക്കോട് എത്തും. ഇന്നലെ കണ്ണൂരിൽ ഉജ്ജ്വല സ്വീകരണമാണ് യാത്രയ്ക്ക് ലഭിച്ചത്. നിരവധി നേതാക്കന്മാരാണ് യാത്രയുടെ ഭാഗമായി അണി ചേർന്നത്. ഇന്ന് രാവിലെ പയ്യാമ്പലത്ത് നടന്ന ജനകീയ ചർച്ചാ സദസ്സില്‍ കെ.സുധാകരനും വി.ഡി സതീശനും ജനങ്ങളുടെ പരാതികൾ സ്വീകരിച്ചു.

ഇന്ന് മൂന്ന് മണിക്ക് കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ വെച്ച് ജാഥയെ സ്വീകരിക്കും. വടകര ഒന്തം ഓവര്‍ ബ്രിഡ്ജ് റോഡില്‍ നിന്ന് തുറന്ന വാഹനത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വടകര കോട്ടപ്പറമ്പ് മൈതാനിയിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം മുന്‍ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിക്കും.

4.45-ന് കോഴിക്കാട് നഗരാതിര്‍ത്തിയില്‍ എത്തുന്ന യാത്രയെ വെങ്ങാലി പാലത്തിനടുത്തു നിന്നും പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണ കേന്ദ്രത്തിലേക്ക് നയിക്കും. മാവൂര്‍ റോഡ് ജംഗ്ഷനില്‍ സ്വാഗതസംഘം ഭാരവാഹികള്‍ സ്വീകരിച്ച് തുറന്ന വാഹനത്തില്‍ സമ്മേളനവേദിയിലേക്ക് ആനയിക്കും. കോഴിക്കോട് കടപ്പുറത്ത് ചേരുന്ന പൊതുസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ. രാഘവന്‍ എംപി അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി ഉദ്ഘാടനം നിര്‍വഹിക്കും. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. രണ്ട് സ്വീകരണ കേന്ദ്രങ്ങളിലുമായി അര ലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. നാളെ രാവിലെ 10ന് ജനകീയ ചര്‍ച്ചാ സദസ് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും. അതിനു ശേഷം യാത്ര വയനാട് ജില്ലയിലേക്ക് പുറപ്പെടും