തിരുവനന്തപുരം: അർജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിൽ ലയണൽ മെസി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. അടുത്ത വർഷം 2025ലായിരിക്കും സൗഹൃദ മത്സരത്തിനായി അര്‍ജന്‍റീന ടീം കേരളത്തിലെത്തുക. മലപ്പുറത്തെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു. 2025നാവും മത്സരം. മലപ്പുറത്തെ സ്റ്റേഡിയം പൂർണ്ണ സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു
അർജന്‍റീനയുമായി ഫുട്ബോൾ പരിശീലനത്തിന് ദീർഘകാല കരാർ ഒപ്പിടും. 5000 കുട്ടികളെ വരെ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് അർജന്‍റീന സമ്മതം അറിയിച്ചിട്ടുണ്ട്. ലോകകപ്പ് ജയിച്ച അർജന്‍റീന ടീം അംഗങ്ങൾ മുഴുവൻ കേരളത്തില്‍ കളിക്കാൻ സന്നദ്ധത അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.2025 ഒക്ടോബറിലാണ് ലയണൽ മെസി അടങ്ങുന്ന അർജന്റീനയുടെ താരനിര കേരളത്തിലെത്തുക. ഈ വർഷം ജൂണിൽ എത്താൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാണിച്ചപ്പോഴാണ് അടുത്ത വർഷം അവസാനം എത്താൻ തീരുമാനിച്ചത്
2022ലെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ലഭിച്ച പിന്തുണക്ക് നന്ദി അറിയിക്കാനായി ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും ഭീമമായ ചെലവ് താങ്ങാനാകില്ലെന്നും സ്പോണ്‍സര്‍മാരെ കണ്ടെത്താനായില്ലെന്നും വ്യക്തമാക്കി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഇത് നിരസിച്ചിരുന്നു. ഇത് കേരളത്തിലെ ഫുട്ബാൾ പ്രേമികളിൽ പ്രത്യേകിച്ചും അര്‍ജന്‍റീന ആരാധകരിൽ സൃഷ്ടിച്ച നിരാശയാണ് മെസിയെയും സംഘത്തെയും കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരണയായതെന്ന് വി അബ്ദുള്‍ റഹിമാന്‍ വ്യക്തമാക്കി