56-ാം വയസ്സിൽ ഗണിത ശാസ്ത്രത്തിൽ തന്റെ രണ്ടാമത്തെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ജബാൽപൂരിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജ്കരൺ ബറുവയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയം പഠിച്ച് ആഗ്രഹിച്ച നേട്ടം എത്തിപ്പിടിക്കാൻ 25 വർഷമാണ് ബറുവ കഠിനാധ്വാനം ചെയ്തത്. 23 തവണ പരാജയപ്പെട്ടിട്ടും
പിന്‍മാറാതെ കഠിന പരിശ്രമത്തിലൂടെ ഒടുവില്‍ വിജയം കാണുകയായിരുന്നു
ജബൽപൂരിലെ റാണി ദുർഗ്ഗാവതി സർവകലാശാലയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ബറുവയുടെ പ്രതിമാസ ശമ്പളം വെറും 5000 രൂപ മാത്രമാണ്. ഇത് ബറുവയുടെ ആദ്യത്തെ ബിരുദാനന്തര ബിരുദമല്ല 1996-ൽ ആർക്കിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയെങ്കിലും കണക്ക് പഠിക്കാനും ആ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടാനുമായിരുന്നു എപ്പോഴും ആഗ്രഹിച്ചത്.
ഇഷ്ടവിഷയത്തിൽ ലക്ഷ്യം നേടുക എന്നത് മാത്രമായിരുന്നു ശ്രദ്ധ അതുകൊണ്ട് തന്നെ 25 വർഷത്തിനിടെ 23 തവണ പരാജയപ്പെട്ടിട്ടും നിരാശനായില്ല. രാത്രിയിൽ സെക്യൂരിറ്റി ജോലി ചെയ്തും പകൽ വീട്ടുജോലി ചെയ്തുമാണ് ബറുവ ഉപജീവനത്തിനും പഠനത്തിനും പണം കണ്ടെത്തിയത്
”ഞാൻ പഠിക്കുന്ന കാര്യത്തെകുറിച്ച് തൊഴിലിടത്തിൽ ഒരിക്കലും ആരോടും പറഞ്ഞില്ല. കാരണം തൊഴിലുടമകൾ അവരുടെ മക്കളെ പരിഹസിക്കുമോ വഴക്ക് പറയുമോ എന്നൊക്കെ ഞാൻ ഭയന്നു. ഇത്രയും പരിമിതമായ സാഹചര്യത്തിൽ എനിക്ക് പഠനം മുന്നോട്ട് കൊണ്ടു പോകാമെങ്കിൽ അവർക്കെന്തു കൊണ്ട് സാധിക്കില്ല എന്നെങ്ങാനും ചോദിക്കുമോ എന്നും ഞാൻ ആശങ്കപ്പെട്ടു. ഒഴിവു സമയങ്ങൾ കിട്ടുമ്പോഴാണ് ഞാൻ പഠിക്കാനിരിക്കുക. ജോലി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അവിടേക്ക് പോകും.” ബറുവയുടെ വാക്കുകളിങ്ങനെ. ”എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന് ചോദ്യത്തിനും ബറുവയുടെ പക്കൽ മറുപടിയുണ്ട്. ഞാൻ വിവാഹം കഴിച്ചിട്ടില്ല. എന്റെ സ്വപ്നങ്ങളെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു