ദാവൂദ് ഇബ്രാഹിം മരിച്ചു? വൈറലായി പാകിസ്ഥാന്‍ താല്‍ക്കാലിക പ്രധാനമന്ത്രിയുടെ ‘ ട്വീറ്റ് ‘

കറാച്ചി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാകിസ്ഥാനിലെ കാവൽ പ്രധാനമന്ത്രിയുടെ എക്സ് അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റിന്‍റെത് എന്നവകാശപ്പെടുന്ന സ്ക്രീന്‍ ഷോട്ടാണ് ഈ പ്രചാരണത്തിന് വേഗം ഏറ്റിയത്. നിരവധി പേര്‍ എക്‌സില്‍ ഈ സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്‌തു. ദാവൂദ് മരിച്ചതായി 2023 ഡിസംബര്‍ 18ന് പാക് കാവല്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തതായാണ് സ്ക്രീന്‍ഷോട്ടില്‍ കാണുന്നത്. ‘അജ്ഞാതര്‍ വിഷം നല്‍കിയതിനെ തുടര്‍ന്ന് ദാവൂദ് ഇബ്രാഹിം മരണമടഞ്ഞു. കറാച്ചിയില്‍ വച്ചാണ് ദാവൂദിന്‍റെ മരണം’ എന്ന് അന്‍വാര്‍ ഉള്‍ ഹഖ് ട്വീറ്റ് ചെയ്‌തതായി പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിലുണ്ട്. ഈ ട്വീറ്റില്‍ ദാവൂദിനെ ‘മനുഷ്യത്വത്തിന്‍റെ മിശിഹാ’ എന്ന് അന്‍വാര്‍ ഉള്‍ ഹഖ് വിശേഷിപ്പിച്ചതായി കാണുന്നത് വലിയ വിവാദമാവുകയും ചെയ്‌തു

എന്നാല്‍ ദാവൂദ് ഇബ്രാഹിം മരിച്ചതായി പാകിസ്ഥാനിലെ കാവൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തതായി പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണ് എന്നതാണ് വസ്‌തുത. പ്രചരിക്കുന്ന തരത്തിലുള്ള ട്വീറ്റ് അന്‍വാര്‍ ഉള്‍ ഹഖ് കകറിന്‍റെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടില്‍ 2023 ഡിസംബര്‍ 18-ാം തിയതി കണ്ടെത്താനായില്ല. ഡിസംബര്‍ 18ന് ഒരു ട്വീറ്റ് പോലും പാക് താല്‍ക്കാലിക പ്രധാനമന്ത്രി ചെയ്തിട്ടില്ല. മാത്രമല്ല, വൈറല്‍ സ്ക്രീന്‍ഷോട്ടിലും അന്‍വാര്‍ ഉള്‍ ഹഖിന്‍റെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടിലും നല്‍കിയിട്ടുള്ള യൂസര്‍ നെയിം വ്യത്യസ്തമാണ് എന്നതും സ്ക്രീന്‍ഷോട്ട് വ്യാജമാണ് എന്ന് തെളിയിക്കുന്നു