ദില്ലി: ഇപ്പോൾ രാജ്യമെങ്ങും ഉറ്റുനോക്കുന്ന ഒന്നാണ് അയോധ്യയിലെ രാമാ ക്ഷേത്രം. അയോധ്യയിൽ പുതിയതായി നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും മുരളിമനോഹർ ജോഷിയും പങ്കെടുക്കില്ലെന്നാണ് പുതിയ വിവരം
രാമക്ഷേത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ബിജെപി നേതാക്കളാണ് ഇരുവരും. ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങിന് വരരുതെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നാണ് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ചടങ്ങിൽ ഇരുവരും പങ്കെടുക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു. ഇരുവരും കുടുംബത്തിലെ മുതിർന്നവരാണ്, അവരുടെ പ്രായം കണക്കിലെടുത്താണ് വരരുതെന്ന് അഭ്യർഥിച്ചതെന്നും ഇരുവരും അഭ്യർഥന
അംഗീകരിച്ചെന്നും ചമ്പത് റായ് പറഞ്ഞു
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22- ന് ഉച്ചയ്‌ക്ക് 12:45നാണ് നടക്കുന്നത്. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ജനുവരി 16 ന് ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകള്‍ 13 ദിവസം നീണ്ടു നില്‍ക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹിതം 7000-ത്തിലധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്
സിനിമാ ലോകത്തു നിന്നും ചില പ്രമുഖകർക്ക് മാത്രം ക്ഷണം ലഭിച്ചിട്ടുണ്ട്. അതിൽ മലയാള സിനിമയില്‍ നിന്ന് നടൻ മോഹൻലാലിന് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്‌ക്ക് ക്ഷണം ലഭിച്ചു. കന്നട സിനിമ രംഗത്തുനിന്ന് ഋഷഭ് ഷെട്ടിയ്‌ക്ക് മാത്രമാണ് ക്ഷണം. തെന്നിന്ത്യൻ സിനിമാ രംഗത്ത് നിന്ന് രജനികാന്ത്, ചിരഞ്ജീവി, മോഹൻലാല്‍, ധനുഷ് എന്നിവര്‍ക്കും ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അക്ഷയ് കുമാര്‍, അനുപം ഖേര്‍ തുടങ്ങിയവര്‍ക്കുമാണ് ക്ഷണം ലഭിച്ചത്