ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച നാല് മലയാളികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഇന്നലെയാണ് സോജില ചുരത്തിൽ വിനോദയാത്രയ്ക്കിടെ നടന്ന അപകടത്തിൽ പാലക്കാട് സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവർ മരിച്ചത്. കാശ്മീർ സ്വദേശിയും ഡ്രൈവറുമായ ഐജാസ് അഹമ്മദ് അവാനും മരിച്ചിട്ടുണ്ട്.സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്‍റിലേക്കുള്ള യാത്രയിലായിരുന്നു അപകടം ഇവരെ തേടിയെത്തിയത്. കഴിഞ്ഞ മാസം മുപ്പതിന് ട്രെയിൻ മാർഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് തിരിച്ചത്
കുറി നടത്തി കിട്ടിയ പണവുമായിട്ടായിരുന്നു ചങ്ങാതിക്കൂട്ടത്തിന്റെ സ്വപ്‌നയാത്ര. സുഹൃത്തുക്കളും അയല്‍ക്കാരുമാണ് ഇവര്‍. ശ്രീനഗറിലെ ഹൈവേയില്‍ കഴിഞ്ഞ ദിവസം വൈകിട്ടു നാലരയോടെയാണ് അപകടം സംഭവിച്ചത്. സോനാമാര്‍ഗിലേക്ക് രണ്ടു കാറുകളിലായാണ് സംഘം എത്തിയത്. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു. ഒരു സ്വപ്നയാത്ര ദുരന്തത്തില്‍ കലാശിച്ചതിന്‍റെ ആഘാതത്തിലാണ് രക്ഷപ്പെട്ടവരും ബന്ധുക്കളും നാട്ടുകാരും. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. 3 ഉദ്യോഗസ്ഥര്‍ ശ്രീനഗറിലേക്ക് തിരിച്ചു. ദില്ലി നോര്‍ക്കാ ഓഫീസറും കേരള ഹൌസിലെ ഉദ്യോഗസ്ഥരുമാണ് ശ്രീനഗറിലേക്ക് പോയത്