വെയിൽസ്: ചാരിറ്റി എന്നത് അർപ്പണമാണ്. പണത്തിലുപരി മനസ്സ് കൂടെ അർപ്പിക്കാൻ കഴിയുമ്പോഴേ സേവനം പൂർണ്ണമാവുകയുള്ളു. സമ്പാദിച്ചതിന്റെ പകുതിയിൽ അധികം ഭാഗവും ചാരിറ്റിക്കായി നൽകിയിരിക്കുകയാണ് ഇവിടെ രണ്ട് സഹോദരങ്ങൾ.. വെയിൽസിലാണ്
ഈ കൗതുക സംഭവം ഉണ്ടായത്. 1.3 മില്യൺ പൗണ്ട് അതായത്, ഏകദേശം 13 കോടിക്ക് മുകളിലാണ് വെയിൽസ് എയർ ആംബുലൻസിന് സഹോദരങ്ങളായ ചാൾസ് ട്രൈവെറിൻ ഡേവീസും സഹോദരി പെഗ്ഗി എന്ന് അറിയപ്പെടുന്ന മാർഗരറ്റ് യൂനിസ് ഡേവീസും നൽകിയത്. പെഗ്ഗി മരിച്ചത് 2019 നവംബറിലാണ്. നാല് മാസത്തിന് ശേഷം ചാൾസും മരിച്ചു. ചാൾസിന് നേരത്തെ ഒരു ആക്സിഡന്റ് നടന്ന സമയത്ത് സഹായത്തിനായി എത്തിയത് ഈ എയർ ആംബുലൻസാണ്. അതിന്റെ നന്ദിസൂചകമായിട്ടാണ് സഹോദരങ്ങൾ ഇത്രയും തുക എയർ ആംബുലൻസിന് നൽകിയത് എന്നാണ് പറയുന്നത്.
സഹോദരങ്ങളുടെ സുഹൃത്ത് മെർഫിൻ റോബർട്സ് പറഞ്ഞത്, ‘ചാൾസിന് അപകടം നടന്ന സമയത്ത് ഈ എയർ ആംബുലൻസിനെ
കുറിച്ച് പറഞ്ഞത് ഞാനോർക്കുന്നുണ്ട്. അത്രയും മികച്ച സേവനമാണ് അവർ നൽകിയത് എന്നാണ് ചാൾസ് പറഞ്ഞത്. എന്നാൽ, അവരുടെ മരണം വരെ അവർ ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു’ എന്നാണ്. ഇവർ നൽകിയ സംഭാവന 280 ലധികം ജീവൻരക്ഷാ ദൗത്യങ്ങൾക്ക് സഹായകമാകും എന്നാണ് വെയിൽസ് എയർ ആംബുലൻസ് അധികൃതര്‍ പറഞ്ഞത്.