പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം, സെമിനാറിൽ ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ല: എംവി ഗോവിന്ദൻ

കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് സെമിനാറിൽ ഇടതുമുന്നണി കൺവീനറെ ക്ഷണിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം ജനറൽ സെക്രട്ടറിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളും പിബി അംഗങ്ങളും പങ്കെടുക്കണം. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്ടെ സെമിനാർ ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ ആദ്യത്തെ പരിപാടിയാണ്. ഇടതുമുന്നണിയുടെ പരിപാടിയല്ല. ജയരാജന്റെ പേര് നോട്ടീസിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇനിയും സെമിനാറുകളും പരിപാടികളും എല്ലാ ജില്ലകളിലും സിപിഎം സംഘടിപ്പിക്കും. അവിടങ്ങളിൽ ഇപി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് സെമിനാർ സംഘടിപ്പിച്ചത് മതത്തിന്റെ ഭാഗമായിട്ടല്ല. ഫാസിസത്തിനെതിരായ പ്രതിരോധമാണ് ഉദ്ദേശിക്കുന്നത്. ഇനി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏകീകൃത സിവിൽ കോഡ് പുതിയ മുദ്രാവാക്യമാവും. ജനാധിപത്യ സമൂഹത്തെ നിലനിർത്താനാണ് സിപിഎം പ്രതിരോധം. ഇന്ത്യയിലെ ജനജീവിതവും ഭാവിയുമായി ബന്ധപ്പെട്ട സങ്കീർണമായ പ്രശ്നത്തിൽ നിലപാട് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ആർഎസ്എസിനും ബിജെപിക്കും ഈ മുദ്രാവാക്യം ധ്രുവീകരണത്തിന് വേണ്ടിയുള്ളതാണ്. കോൺഗ്രസിന്റെ ഓരോ സംസ്ഥാനത്തെയും ഓരോ നേതാക്കളും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. ഇത് രാഷ്ട്രീയ മുന്നണിയോ, രാഷ്ട്രീയ കൂട്ടുകെട്ടോ അല്ല. ഇതിൽ കക്ഷിരാഷ്ട്രീയവും ബാധകമല്ലെന്ന് എംവി ഗോവിന്ദൻ വിശദീകരിച്ചു.

ജോർജ് എം തോമസിനെതിരെ നടപടി ഉണ്ടോയെന്ന് മാധ്യമങ്ങളോട് പറയേണ്ടതില്ല, അതെല്ലാം സംഘടനപരമായ കാര്യങ്ങളാണെന്നും മാധ്യമങ്ങളോട് പറയാൻ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വയർലെസ് ചോർത്തിയ സംഭവം ഗുരുതരമാണെന്നും സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.