കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കി; രണ്ടാം ഗഡു വൈകിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ശമ്പളം സമയബന്ധിതമായി നല്‍കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരത്തിലേക്ക് പോകാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആദ്യത്തെ ഗഡു വിതരണം ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്. 30 കോടി രൂപ സര്‍ക്കാര്‍ ഫണ്ടും, 8.4 കോടി രൂപ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റുമെടുത്താണ് ശമ്പള വിതരണം നടത്തിയത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം തടസപ്പെട്ടത്. നിലവില്‍, ശമ്പളത്തിന്റെ രണ്ടാം ഗഡു വിതരണം ചെയ്യേണ്ടത് ഇന്നാണ്. ഒന്നാം ഗഡു ഇന്നലെ വിതരണം ചെയ്ത സാഹചര്യത്തില്‍, രണ്ടാമത്തെ ഗഡു ലഭിക്കുന്നത് വൈകിയേക്കുമെന്നാണ് സൂചന. കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്ത നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാസം ഏകദേശം 200 കോടിയിലേറെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്.