ഇബ്രാഹിം മാവോയിസ്റ്റുകള്‍ക്ക് പ്രിയങ്കരൻ , കഞ്ചാവ് തോട്ടങ്ങള്‍ക്ക് തോക്കുമായി കാവല്‍, കാസർകോടും ബെം​ഗളൂരുവിലും ഭാര്യമാർ, മലപ്പുറം സ്വദേശിക്കെതിരെയും അന്വേഷണം

കണ്ണൂര്‍: ദക്ഷിണേന്ത്യയിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിന്റെ രാജാവായ കാസര്‍കോട് ദേലംപാടിയലെ ഇബ്രാഹിമിന്റെ കഞ്ചാവ് തോട്ടത്തില്‍ തോക്കുമായി കാവല്‍ നില്‍ക്കുന്നത് മാവോയിസ്റ്റുകളാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ആന്ധ്രയിലെ കഞ്ചാവ് കൃഷിക്കാണ് മാവോയിസ്റ്റുകള്‍ സുരക്ഷ നല്‍കുന്നത്. തെലങ്കാനയിലെ ഖമ്മത്തും ഇയാള്‍ കൃഷിയിറക്കാന്‍ പദ്ധതിയിട്ടത് മാവോയിസ്റ്റുകളുടെ സഹായം ഉറപ്പുവരുത്തിയാണെന്ന് പോലീസ് പറയുന്നു.

കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ ഇബ്രാഹിമെന്ന മുസംബി ഇബ്രാഹിമിനെ (42) ചോദ്യം ചെയ്തപ്പോഴാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമായത്. കഞ്ചാവ് കടത്തിന് ഇയാള്‍ ഉപയോഗിച്ച നാലുവാഹനങ്ങളിലൊന്ന് കണ്ണൂരിലെത്തിച്ചിട്ടുണ്ട്. കോയമ്പത്തൂരിനടുത്തുളള കരൂരില്‍വെച്ചാണ് രഹസ്യ അറകളുളള വാഹനം പിടിച്ചെടുത്തത്. ഇയാളുടെ മറ്റൊരു വാഹനം നേരത്തെ കര്‍ണാടക എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ആഡംബര ജീവിതത്തിന് ഉടമയായതിനാലാണ് ഇബ്രാഹിമിന്റെ ബാങ്ക് അക്കൗണ്ടില്‍ കാര്യമായ നിക്ഷേപമില്ലാത്തതെന്നാണ് പോലീസ് കണ്ടെത്തല്‍.

കാസര്‍കോടും ബാംഗ്‌ളൂരും ഭാര്യമാരുളള ഇബ്രാഹിമിന് ഇവിടങ്ങളില്‍ ഇരുനില വീടുകളുമുണ്ട്. കഞ്ചാവ് കടത്ത് ഇയാള്‍ നടത്തിയിരുന്നത് സബ് ഏജന്റുമാരെ വെച്ചാണ് ആഡംബര ജീവിതം നയിക്കുന്നതിന് വലിയ സാമ്പത്തിക ചെലവ് വരുന്നതായി ചോദ്യം ചെയ്യലില്‍ ഇബ്രാഹിം വ്യക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കാവശ്യമായ എല്ലാസഹായവും ചെയ്തു കൊടുത്തുകൊണ്ടു ഇബ്രാഹിം അവരുടെ പ്രീതി പിടിച്ചു പറ്റിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് കഞ്ചാവ് കൃഷിക്ക് അവര്‍ കാവല്‍ നിന്നത്. വല്‍ത്താജെ വീട്ടില്‍ ഇബ്രാഹിമിന്റെ കഞ്ചാവ് കൃഷിയെ കുറിച്ചു പോലീസിന് വ്യക്തമായ വിവരം ലഭിക്കുന്നത്. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ ഇബ്രാഹിമിന്റെ സബ് ഏജന്റുമാര്‍ സജീവമാണെന്നും ഇവരെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു. ഇബ്രാഹിമിന്റെ വാഹനങ്ങളിലെ ഇന്ധന ടാങ്ക് കഞ്ചാവ് കടത്താനുളള രഹസ്യ അറകളാക്കി മാറ്റിയത് മലപ്പുറം സ്വദേശിയുടെ സഹായത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.