വന്ദേഭാരത് എക്‌സ്പ്രസിൽ 65 രൂപയുടെ ഭക്ഷണം മുതൽ 350 രൂപയുടെ ഭക്ഷണം വരെ; ഭക്ഷണം ഉള്‍പ്പെടുത്താതെയും ടിക്കറ്റ് എടുക്കാം

വന്ദേഭാരത് എക്‌സ്പ്രസിൽ ചുരുങ്ങിയ യാത്രാടിക്കറ്റിനൊപ്പം ലഭിക്കുന്നത് 65 രൂപയുടെ ഭക്ഷണം. മുഴുവന്‍സമയ യാത്രക്കാരന് 350 രൂപയുടെ ആഹാരം വണ്ടിക്കുള്ളില്‍ കിട്ടും. ഒരേ ദൈര്‍ഘ്യമുള്ള യാത്രയാണെങ്കിലും ചെയര്‍കാര്‍, എക്സിക്യുട്ടീവ് കാര്‍ എന്നിവയില്‍ ഭക്ഷണത്തിന് വ്യത്യസ്ത നിരക്കാണ്. ചെയര്‍കാറില്‍ ചുരുങ്ങിയ ദൂരത്തെ യാത്രയ്ക്ക് 65 രൂപയുടെയും എക്സിക്യുട്ടീവ് ക്ലാസില്‍ 105 രൂപയുടെയും ആഹാരം നല്‍കും. ദീര്‍ഘയാത്രയായ കാസര്‍കോട്-തിരുവനന്തപുരം റൂട്ടില്‍ 290 രൂപയുടെ ഭക്ഷണം ഐ.ആര്‍.സി.ടി.സി. നല്‍കും. എക്സിക്യുട്ടീവ് ക്ലാസില്‍ ഇതിന് 350 രൂപ വരും. ഇതില്‍ ജ്യൂസ് അടക്കമുള്ള മെനു അധികമുണ്ടാവും. വന്ദേഭാരതില്‍ പാന്‍ട്രി കാര്‍ ഇല്ല. ആഹാരം ബേസ് സ്റ്റേഷനുകളില്‍നിന്ന് എത്തിക്കും. ചൂട്, തണുപ്പ് ആവശ്യമായ ആഹാരം വണ്ടിക്കുള്ളിലെ അറകളില്‍ സൂക്ഷിക്കും. ആവശ്യമായ വെള്ളവും വിതരണം ചെയ്യും. ഭക്ഷണം ഉള്‍പ്പെടുത്താതെയും ടിക്കറ്റ് എടുക്കാം. വെള്ളവും ഒരു പത്രവും എല്ലാ യാത്രക്കാരനും ലഭിക്കും. ലോക്കോ പൈലറ്റുമാര്‍ക്കും ഭക്ഷണം വേണമെങ്കില്‍ പണം നല്‍കേണ്ടിവരും.
മെനു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെന്നൈയില്‍ ഓടുന്ന വന്ദേഭാരതിന് തുല്യമായിരിക്കും. ചെന്നൈ-മൈസൂരു വന്ദേഭാരതില്‍ പുലര്‍ച്ചെ 5.50-ന് ചായ/കാപ്പി-ബിസ്‌കറ്റ്. പിന്നീട് പ്രഭാതഭക്ഷണം- ഇഡ്ഡലി, വട തുടങ്ങിയവ. നോണ്‍ വെജ് വിഭാഗത്തില്‍ ബ്രഡ് ഓംലെറ്റ്, കട്ലറ്റ് മുതലായവ. പിന്നീട് ഒരു കൂള്‍ ഡ്രിങ്ക്‌സ്, ഉച്ചയ്ക്കുശേഷമുള്ള യാത്രയില്‍ വൈകീട്ട് ചായ/കാപ്പി-ബിസ്‌കറ്റ്. രാത്രി ലഘുഭക്ഷണം എന്നിവയാണ് ഉള്ളത്.