പച്ചക്കറിക്കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച സിവിൽ പൊലീസ് ഓഫിസർ പി.വി.ഷിഹാബിനെ പിരിച്ചുവിട്ടു

പച്ചക്കറിക്കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച സിവിൽ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടു. ഇടുക്കി എആർ ക്യാംപിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബിനെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് പിരിച്ചുവിട്ടത്. മാങ്ങ മോഷണത്തിനു പുറമേ ഈ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസുകളും നിലവിലുണ്ട്. അതുംകൂടി കണക്കിലെടുത്താണു നടപടി. കഴിഞ്ഞ വർഷം സെപ്റ്റംബർ 30നു പുലർച്ചെയാണു പൊലീസുകാരൻ മോഷണം നടത്തിയത്. ഡ്യൂട്ടി കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ഷിഹാബ്, കടയ്ക്കു മുന്നിൽ ഇറക്കിവച്ചിരുന്ന മാങ്ങയിൽനിന്ന് പത്തുകിലോയോളം എടുത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നീടു സസ്പെൻഷനിലായി. പൊലീസുകാരനെതിരെയുള്ള പരാതി പിൻവലിക്കാൻ അനുമതി തേടി കടയുടമ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കോടതി അംഗീകരിച്ചതോടെ മോഷണക്കേസിലെ നടപടികൾ അവസാനിപ്പിച്ചു. എങ്കിലും പൊലീസ് സേനയുടെ സൽപേരിനു കളങ്കം വരുത്തിയതിനാൽ ഷിഹാബിനെ പിരിച്ചുവിടണമെന്നു ജില്ലാ പൊലീസ് മേധാവി ശുപാർശ ചെയ്യുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിന്റെ പേരിൽ ഇയാൾ നേരത്തേ സസ്പെൻഷനിലായിട്ടുണ്ട്.