ഒരു കാലത്ത് മലയാളികളെ കുടുകുടെ ചിരിപ്പിച്ച നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പള്ളിക്കണ്ടിയിലാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി. കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയുണ്ടായിരുന്നു. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു. അതിന് ശേഷം 1982ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശ പ്രകാരം സുറുമിയിട്ട കണ്ണുകളിൽ മറ്റൊരു വേഷം. 4 കൊല്ലത്തിന് ശേഷം സിബി മലയിലിന്റെ ദൂരെദൂരെ കൂടു കൂട്ടാം എന്ന സിനിമ വന്നു. ശ്രീനിവാസനെന്ന തിരക്കഥാകൃത്തും സത്യൻ അന്തിക്കാടെന്ന സംവിധായകനും ചേർന്ന് മലയാള സിനിമയെ മറ്റൊരു വഴിയിലൂടെ നടത്തിയപ്പോൾ കൂടെ സ്ഥിരമായുണ്ടായിരുന്നത് മാമുക്കോയയാണ്. നാടോടിക്കാറ്റിലെ ഗഫൂർ… സന്ദേശത്തിലെ എകെ പൊതുവാളെന്നിങ്ങനെ നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന മനുഷ്യരെ പോലെ മാമുക്കോയ സ്ക്രീനിൽ നിറഞ്ഞു. പ്രിയദർശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടൻ ഹാസ്യത്തിന് മാറ്റുകൂട്ടി. 30 വർഷം മുമ്പുള്ള മാമുക്കോയയുടെ സംഭാഷണങ്ങൾ പലതും പുതുതലമുറയ്ക്ക് തഗ് ലൈഫാണ്. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികൾ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു. അഞ്ചര പതിറ്റാണ്ടിനിടെ മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു.