ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; വീട്ടിൽ പൊതുദർശനം നടക്കുന്നു, സംസ്കാരം നാളെ പയ്യാമ്പലത്ത്

ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരൻ ആദരാഞ്ജലിയർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ . രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിരവധിപേർ വീട്ടിൽ നടക്കുന്ന പൊതുദർശനത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ എത്തി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാലുദിവസമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ പയ്യാമ്പലത്ത് നടക്കും. ഹൊറിസോണ്ടൽ ബാർ, ഫ്ലൈയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ. റെയ്മൻ സർക്കസിലും അദ്ദേഹം ഏറെനാൾ ജോലിചെയ്തു. 1951ൽ വിജയ സർക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മനക്ഷത്രമായ ജെമിനി എന്നു പേരിട്ടു. 1951 ആഗസ്‌ത്‌ 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദർശനം. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സർക്കസിന്‌ നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകിയിരുന്നു. ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്, ജംബോ സർക്കസുകളുടെ മാനേജിങ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്.