ലാവലിൻ കേസ് ഇനിയും നീളുമോ; കേസ് മാറ്റിവയ്ക്കാൻ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്, ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത് ആറ് വർഷത്തിനിടെ 33 തവണയിലേറെ

ലാവലിൻ കേസ് മാറ്റിവയ്ക്കാൻ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്. പിണറായിക്കൊപ്പം കേസിൽ നിന്നും ഒഴിവാക്കപ്പെട്ട ഫ്രാൻസിസ് ആണ് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയത്. ലാവലിൻ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് അഭിഭാഷകൻ മുഖേന കത്ത് നൽകിയത്. അഭിഭാഷകന് കോവിഡ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. സാധാരണ ഇത്തരം കത്ത് ലഭിക്കുകയാണെങ്കിൽ കേസ് നീട്ടിവക്കുകയാണ് പതിവ്. ജസ്റ്റിസ് എം ആർ ഷാ, മലയാളിയായ ജഡ്ജി സി.ടി.രവികുമാർ എന്നിവരടങ്ങിയ ​ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ എത്തിയിരുന്നെങ്കിലും സമയക്കുറവ് കൊണ്ട് മാറ്റി.പിന്നീട് നവംബറിൽ പരിഗണിക്കാമെന്ന് കോടതി പറഞ്ഞിരുന്നെങ്കിലും പരിഗണനയ്ക്ക് എത്തിയിരുന്നില്ല.പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് ആറ് വർഷത്തിനിടെ 33 തവണയിലേറെയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ കേസിൽ പ്രതികളായ കെ ജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം കസ്തൂരിരംഗൻ അയ്യര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിൽ കോടതി നോട്ടീസ് അയച്ചിരുന്നു