പെൻഷൻ തുക വാങ്ങാൻ പൊള്ളുന്ന വെയിലിൽ വൃദ്ധ നടന്നത് കിലോമീറ്ററുകൾ; വൈറലായി വീഡിയോ

പെൻഷൻ തുക വാങ്ങാൻ പോകുന്ന ഒരു വൃദ്ധയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒഡീഷയിലുളള സൂര്യ ഹരിജൻ എന്ന ദരിദ്ര വൃദ്ധയുടെ ദയനീയാവസ്ഥയാണ് വീഡിയോയിലുള്ളത്. ഏപ്രിൽ 17 ന് ഒഡീഷയിലെ നബ്രംഗ്പൂർ ജില്ലയിലെ ഝരിഗാവ് ബ്ലോക്കിലാണ് സംഭവം. ബാങ്കിൽ നിന്ന് വാർധക്യകാല പെൻഷൻ വാങ്ങാൻ 70 വയസുകാരിക്ക് കിലോമീറ്ററുകൾ നടക്കേണ്ടി വന്നു. പൊള്ളുന്ന ചൂടിൽ നഗ്നപാദയായി ഒരു ഒടിഞ്ഞ കസേരയുടെ താങ്ങിൽ നടക്കുന്ന വൃദ്ധയെയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ബാങ്കിൽ എത്തിയിട്ടും ഇവരുടെ ദുരിതം അവസാനിക്കുന്നില്ല. തള്ളവിരൽ അടയാളം ബാങ്ക് രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കാണിച്ച് അധികൃതർ ഇവരെ വീട്ടിലേക്ക് മടക്കി അയച്ചു. മുമ്പ് ഹരിജൻ പെൻഷൻ തുക കൈയിൽ നൽകുമായിരുന്നു. എന്നാൽ സിസ്റ്റം മാറിയതോടെ പണം അക്കൗണ്ടിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുകയാണ് പതിവ്. കഴിഞ്ഞ നാല് മാസമായി പെൻഷൻ ലഭിച്ചിട്ടില്ലെന്നും, ഇതേത്തുടർന്നാണ് നേരിട്ട് ബാങ്കിൽ എത്തേണ്ടി വന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വയോധികയുടെ ജീവിതനിലവാരം വളരെ മോശമാണ്. മൂത്ത മകൻ കുടിയേറ്റ തൊഴിലാളിയായി മറ്റൊരു സംസ്ഥാനത്തിലാണ്. ഇളയ മകൻ കന്നുകാലികളെ മേച്ച് ഉപജീവനം കണ്ടെത്തുന്നു. 3000 രൂപയാണ് വയോധികയുടെ പെൻഷൻ തുക.