നയന സൂര്യയുടെ ദുരൂഹ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പിഴവെന്ന് കണ്ടെത്തൽ

നയന സൂര്യയുടെ ദുരൂഹ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പിഴവെന്ന് കണ്ടെത്തൽ. നയനയുടെ ശരീരത്തിലെ മുറിവ് രേഖപ്പെടുത്തിയതിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. 1.5 സെന്റിമീറ്റർ മുറിവിന് 31.5 സെന്റിമീറ്റർ മുറിവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ചാണ് പിഴവ് കണ്ടെത്തിയത്. സംഭവത്തിൽ ടൈപ്പിങ് പിഴവാണ് സംഭവിച്ചതെന്ന് ഡോക്ടർ മൊഴി നൽകി. അതേസമയം, നയന മുൻപ് പല തവണ ബോധരഹിതയായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ചു തവണ ബോധരഹിതയായി ചികിത്സ തേടിയെന്നാണ് റിപ്പോർട്ട്. ചികിത്സാ രേഖകൾ ഉൾപ്പടെ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. കടുത്ത വിഷാദത്തിലെന്നു ഡോക്ടറുടെ മൊഴിയും ലഭിച്ചിട്ടുണ്ട്. വിഷാദത്തിന് കഴിച്ച മരുന്നുകൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നും കണ്ടെത്തി. 2019 ഫെബ്രുവരി 24നാണ് യുവ സംവിധായക നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റായിരുന്നു. ആലപ്പാട് സ്വദേശിയായ നയന ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയിരുന്നു.