ഓടുന്ന ട്രെയിന് തീയിട്ട സംഭവം; 3 പേർ ട്രാക്കിൽ മരിച്ച നിലയിൽ, ആക്രമണം ആസൂത്രിതം, ഡിജിപി കണ്ണൂരിലേക്ക്

കോഴിക്കോട്ട് എലത്തൂരിൽ കഴിഞ്ഞ ദിവസം ഓടുന്ന ട്രെയിനിലുണ്ടായ ആക്രമണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കും, സംഭവത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം വിവരം തേടും. ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകും .രാവിലെ 11.30ക്കുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിന്‍റെ D1 കോച്ചില്‍ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ചയാള്‍ കയ്യില്‍ കരുതിയരുന്ന കുപ്പിയില്‍ നിന്നും പെടോള്‍ വലിച്ചെറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നു. രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ മൂന്നു പേര്‍ മരിച്ചു. മട്ടന്നൂർ സ്വദേശികളായ റഹ്മത്ത്, സഹോദരിയുടെ മകൾ സഹല, നൗഫിക്ക് എന്നിവരാണ് മരിച്ചത്. 9 പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെനില ഗുരുതരമാണ്. അക്രമിയുടേതെന്ന് കരുതുന്ന മൊബൈലും ഹിന്ദിയിലെഴുതിയ ചില ബുക്കുകളും കിട്ടിയിട്ടുണ്ട്. ആസൂത്രിതമായ ആക്രമണമെന്ന് വ്യക്തമായിട്ടുണ്ട്. നിർണായകമായ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധം ആക്രണമത്തിന് പിന്നിലുണ്ടെയന്ന സംശയവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയവും എന്‍ഐഎയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.