വീട്ടിൽ പൈസ ഇല്ല, എന്റെ അനുജത്തി കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ഒന്നും ചെയ്യരുത്; കൈ കൂപ്പി കരഞ്ഞ് വിദ്യാർത്ഥിനി

പരീക്ഷ കഴിഞ്ഞു, ഇനി നീണ്ട അവധിക്കാലമാണ്‌. അവസാന സ്കൂൾ ദിനം ആഘോഷമാക്കിത്തന്നെ പിരിയാം എന്ന ചിന്തയിൽ നിന്നുണ്ടാകുന്ന വിദ്യാർഥികളുടെ ചില കുസൃതികളാണ് ഇപ്പോൾ സ്കൂളുകളിൽ. മലപ്പുറത്ത് കാളികാവിലും കഴിഞ്ഞ ദിവസം ആഘോഷത്തിനിടക്ക് ഉണ്ടായത് വേദനിപ്പിക്കുന്ന ഒരു സംഭവമാണ്. വീട്ടിൽ പൈസ ഇല്ല, എന്റെ അനുജത്തി കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ഒന്നും ചെയ്യരുത്” കൈ കൂപ്പി കരഞ്ഞ് അപേക്ഷിക്കുന്ന പ്ലസ്ടു വിദ്യാർഥിനി ആയിരുന്നു അത്. ദയനീയരംഗം കണ്ട പോലീസ് രണ്ടാമതൊന്നാലോചിച്ചില്ല, പെൺകുട്ടിയുടെ അടുത്തെത്തി മറ്റുകുട്ടികളെ മാറ്റി നിർത്തി പെൺകുട്ടിക്ക് രക്ഷ ഒരുക്കി രംഗം ശാന്തമാക്കി. മലയോരത്തെ പ്രധാന സ്കൂളാണ് പശ്ചാത്തലം. അവസാനദിവസത്തെ പരീക്ഷയും കഴിഞ്ഞ് ആഘോഷത്തിനിറങ്ങിയതായിരുന്നു വിദ്യാർഥികൾ. നേരത്തെ തന്നെ എല്ലാവരും തീരുമാനിച്ചത് പ്രകാരം, വാഹനങ്ങളിലും മറ്റുമായി പരീക്ഷ കഴിഞ്ഞ ഉടനെ തൊട്ടടുത്തുള്ള അമ്പലക്കുന്ന് മൈതാനിയിലേക്ക് നീങ്ങി, എല്ലാവരും ഒത്തു ചേർന്ന് ആഘോഷപൂർവ്വം പിരിയാം എന്ന ചിന്ത. പിരിയുന്ന നേരത്ത് രംഗം കൊഴുപ്പിക്കാൻ, ഇനി ഒരിക്കലും ഉപയോഗിക്കേണ്ടതില്ലാത്ത യൂണിഫോമുകളിൽ പരസ്പരം ഒപ്പുവെച്ചും ദേഹത്ത് ചായം പൂശിയും പുസ്തകങ്ങൾ കീറിയെറിഞ്ഞുമുള്ള ആഘോഷം. അത്തരത്തിൽ വിദ്യാർഥികൾ മൈതാനത്ത് വെച്ച് പരസ്പരം ചായം വാരിത്തേക്കാനും യൂണിഫോമുകളിൽ ഒപ്പ് ചാർത്താനും ആരംഭിച്ചപ്പോഴാണ് അവർക്കിടയിൽ നിന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ, “എന്റെ വീട്ടിൽ പൈസ ഇല്ല, എന്റെ അനുജത്തിക്ക്‌ കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ഒന്നും ചെയ്യരുത്” കൈ കൂപ്പി കരഞ്ഞ് അപേക്ഷിക്കുന്ന പ്ലസ്ടു വിദ്യാർഥിനി ആയിരുന്നു അത്. അന്വേഷിച്ചപ്പോൾ മനസ്സിലാകുന്നത്, മലയോര പ്രദേശത്ത് താമസിക്കുന്ന സാമ്പത്തികമായി പ്രയാസത്തിലുള്ള കുടുംബ സാഹചര്യത്തിൽ നിന്നാണ് ഈ കുട്ടി വരുന്നത്. പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ സഹോദരിയും ഇതേ സ്കൂളിൽ തന്നെ പഠിക്കുകയാണ്. അനുജത്തിക്കായി അടുത്ത അധ്യയനവര്‍ഷം ഉപയോഗിക്കാന്‍ ഈ യൂണിഫോം അവള്‍ കാത്തുവെക്കുകയാണ് എന്നാണ്.