വയനാട് ഉപതെര‍ഞ്ഞെടുപ്പ് ഇന്നറിയാം; കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനവും ഇന്ന്

കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. 11.30 ന് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിൽ വിഷയത്തെക്കുറിച്ച് സംസാരിക്കും. വയനാട് ഉപതെര‍ഞ്ഞെടുപ്പിൽ കമ്മീഷന്റെ നിലപാട് എന്താണെന്നും ഇന്ന് വ്യക്തമാക്കും. കർണ്ണാടകക്കൊപ്പം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നിയവിദഗ്ധരുടെ നിലപാട് കൂടി തേടിയ ശേഷമാകും തീരുമാനം. വയനാട്ടിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി കമ്മീഷനെ സമീപിച്ചേക്കും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്സഭ സെക്രട്ടറിയേറ്റ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വിഷയം നിയമവിദഗ്ധരുമായി ചർച്ച ചെയ്യുന്നു എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നല്കുന്നത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ ഉടൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ജനുവരി പതിനെട്ടിനായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇത് പിൻവലിക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ അടിയന്തര നീക്കം വേണ്ടെന്ന ചിന്തയിലാണ് കമ്മീഷൻ.