മരണ നിമിഷങ്ങളറിയാം വെർച്വൽ റിയാലിറ്റിയിലൂടെ; വൈറലായി വിആർ സിമുലേഷൻ

ഓരോ മനുഷ്യനും ഏറെ അറിയാനാഗ്രഹിക്കുന്നതും എന്നാൽ ഇന്ന് വരെ പൂർണമായി അറിയാൻ കഴിയാത്തതുമായ ഒന്നാണ് മരണ നിമിഷങ്ങളിലെ നമ്മുടെ ജീവിതം. പക്ഷേ, ഇക്കാര്യത്തെക്കുറിച്ച് വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ പുതിയ ഒരു അനുഭവം പകർന്നു നൽകുകയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഒരു വിആർ സിമുലേഷൻ. ഓസ്ട്രേലിയ കേന്ദ്രമായുള്ള ഗ്ലാഡ്‌വെൽ എന്ന കമ്പനിയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. തീർത്തും അലോസരപ്പെടുത്തുന്ന ഒരു അനുഭവമാണ് ഇത് ഉപയോഗിക്കുമ്പോൾ നമുക്ക് കിട്ടുന്നത് എന്നാണ് പരീക്ഷണാർത്ഥം ഈ വി ആർ സിമുലേഷൻ ഉപയോഗിച്ചവർ മിക്കവരും തന്നെ പറയുന്നത്. അന്തരീക്ഷത്തിലേക്ക് നമ്മുടെ ശരീരം താനേ ഉയർന്നു പൊങ്ങുന്ന അവസ്ഥയിലൂടെ ആണ് ആ സമയത്ത് നാം കടന്നു പോവുക എന്നും പറയുന്നു. വാക്കുകൾ കൊണ്ട് വിശദമാക്കാൻ പറ്റാത്ത വിധമുള്ള അനുഭവമാണ് ഈ വി ആർ സിമുലേഷനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ലോകത്തിൽ വളരെ അപൂർവമായി മാത്രമേ ഇത്തരത്തിലുള്ള ഒരു സിമുലേഷൻ കണ്ടുപിടിച്ചിട്ടുള്ളു. 200 -ലധികം വ്യത്യസ്ത കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഓസ്ട്രേലിയൻ നഗരത്തിലെ സാംസ്കാരിക ഉത്സവമായ മെൽബൺ നൗവിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഈ ഫെസ്റ്റ് ഓഗസ്റ്റിൽ അവസാനിക്കും. ഈ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഇത് ഉപയോഗിക്കാനുള്ള അവസരം ലഭിക്കുന്നതാണത്രെ. എന്നാലും എത്ര പേർ ഇത് പരീക്ഷിക്കാൻ തയ്യാറാകും എന്ന് അറിയില്ല.