അന്തരിച്ച നടൻ ഇന്നസെന്റിന് വൈകാരികപരമായ യാത്രയയപ്പ് നൽകുകയാണ് മലയാള സിനിമ ലോകം. ഇന്നസെന്റുമായുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സഹപ്രവർത്തകർ. ഇന്നസെന്റുമായുള്ള മനോഹര ഓർമ്മകൾ പങ്കുവെച്ച ദീദി ദാമോദരന്റെ ചില വാക്കുകൾ ശ്രദ്ധേയമാകുന്നു. കാൻസർ വാർഡിൽ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറി ഹൃദയം നുറുങ്ങുന്ന ആ ചിരി. എന്നാൽ അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ലെന്നും ദീദി പറയുന്നു.
സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാർഹമായിരുന്നുവെന്നും ദീദി ദാമോദരൻ ചൂണ്ടിക്കാട്ടുന്നു. അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധിയെന്നും ആ സാഹചര്യത്തിൽ ഇന്നസെന്റ് നിശബ്ദനായെന്നും ദീദി ഓർമിപ്പിക്കുന്നു. വിഷയത്തിൽ, ഇന്നസെന്റിന്റെ മൗനത്തൽ തനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ലെന്നും അവർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.