‘ഞാനെഴുതൂല…എനിക്ക് നെയ്മറിനെ ആണിഷ്ടം’ ;മെസ്സിയുടെ ജീവചരിത്രം എഴുതാൻ പറഞ്ഞ ചോദ്യപ്പേപ്പറിൽ നാലാം ക്ലാസുകാരൻ എഴുതിവച്ചതിങ്ങനെ; പരീക്ഷാപേപ്പർ വൈറൽ

പരീക്ഷയ്ക്ക് മെസ്സിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താൻ നെയ്മർ ഫാനാണെന്നും എഴുതാനാവില്ലെന്നും വിദ്യാർത്ഥി. പരീക്ഷാ പേപ്പർ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായി .നിലമ്പൂർ തണ്ണിക്കടവ് എ യു പി സ്‌കൂളിലെ 4ാം ക്ലാസ്സിലെ ഷാനിദ് കെ യാണ് താൻ നെയ്മർ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയില്ലെന്നും പരീക്ഷാപേപ്പറിൽ എഴുതി വെച്ചത്.

രാജേഷ് സി വള്ളിക്കോട് എന്ന അധ്യാപകനാണ് ഫേസ്ബുക്കിൽ കുറിപ്പുകൾ പങ്കുവെച്ചത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്ക് നൽകിയത്. നാലാം ക്ലാസുകാരനായ ഷാനിദ് താൻ നെയ്മർ ഫാനാണെന്നും അതിനാൽ മെസ്സിയെക്കുറിച്ച് എഴുതാൻ ആവില്ലെന്നും പരീക്ഷാ പേപ്പറിൽ എഴുതി വെക്കുകയായിരുന്നു.
അതേസമയം, ഈ ചോദ്യത്തിന് മറ്റൊരു കുട്ടിയായ ഫാത്തിമ്മയും രസകരമായ മറുപടിയാണ് നൽകിയിട്ടുള്ളത്. മെസ്സിയുടെ ജീവചരിത്രത്തിന് ഹിന്റുകൾ നൽകിയ ചോദ്യത്തിന് ഫാത്തിമ്മ മെസ്സിയെക്കുറിച്ച് കൃത്യമായി എഴുതിയിട്ടുണ്ട്. എന്നാൽ ഉത്തരത്തിന്റെ അവസാന ഭാ​ഗത്ത് താനൊരു നെയ്മർ ഫാനാണെന്നും മെസ്സി പോരെന്നും ഫാത്തിമ്മയും കുറിച്ചിട്ടുണ്ട്. ഇരുവരുടേയും പരീക്ഷാ പേപ്പറുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ഷെയർ ചെയ്തത്. രസകരമായ കമന്റുകളും ഒപ്പമുണ്ട്. അതേസമയം, കുട്ടികളിലെ സങ്കുചിത മനോഭാവമാണ് ഇതിന് പിന്നിലെന്നും ഇത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ചിലരും കമന്റ് ചെയ്യുന്നുണ്ട്. എന്തൊക്കെയാണെങ്കിലും രസകരമായ സംഭവമാക്കിയെടുത്ത് ഇത് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.