രാഹുലിന്‍റെ ‘വിധി’ തീരുമാനിക്കാൻ 30 ദിവസം ! എന്നാൽ രാഹുലിന്‍റെ അംഗത്വത്തിന് അയോഗ്യത കൽപ്പിക്കാൻ സ്പീക്കർക്ക് സാധിക്കുമെന്ന് മുതിർന്ന സർക്കാർ ഉപദേഷ്ടാവ്കാഞ്ചൻ ഗുപ്ത

ക്രിമിനൽ മാനനഷ്ടക്കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ട് വർഷത്തെ ശിക്ഷ നൽകി എന്നതാണ് രാഹുലിനെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത്. ശിക്ഷയുടെ കാലാവധി രണ്ട് വർഷത്തിൽ താഴെയായിരുന്നു എങ്കിൽ രാഹുലിനും കോൺഗ്രസ് പാർട്ടിക്കും ആശങ്ക ഉണ്ടാകില്ലായിരുന്നു. 2013 ലെ സുപ്രീംകോടതി വിധി പ്രകാരം ക്രിമിനൽ മാനനഷ്ടക്കേസിൽ 2 വർഷത്തെ ശിക്ഷ ലഭിച്ചാൽ എം പി, എം എൽ എ സ്ഥാനത്തിന് അയോഗ്യതയാകും. എന്നാൽ തത്കാലം രാഹുലിന് ആശ്വാസത്തിന് വകയുണ്ടെന്ന വിലയിരുത്തലുകൾ. കാരണം ശിക്ഷ വിധിച്ച കോടതി തന്നെ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഹുലിന്‍റെ ‘വിധി’ തീരുമാനിക്കുക ഈ 30 ദിവസത്തിന് ശേഷമായിരിക്കും. അപ്പീലുമായി മേൽക്കോടതിയിലേക്ക് പോകുമ്പോൾ അവിടെ എന്താകും തീരുമാനം എന്നതാണ് രാഹുലിന്‍റെ പാർലമെന്റ് അംഗ്വത്തത്തിലെ വിധി തീരുമാനിക്കുക.

എന്നാൽ മുതിർന്ന സർക്കാർ ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത അടക്കമുള്ളവർ 2013 ലെ വിധി ചൂണ്ടികാട്ടി പന്ത് സ്പീക്കറുടെ കോർട്ടിലാണെന്നാണ് പറയുന്നത്. ക്രിമിനൽ മാനനഷ്ടക്കേസിൽ 2 വർഷത്തെ ശിക്ഷ ലഭിച്ചതോടെ രാഹുലിന്‍റെ അംഗത്വത്തിന് അയോഗ്യത കൽപ്പിക്കാൻ സ്പീക്കർക്ക് സാധിക്കും എന്നാണ് കാഞ്ചൻ ഗുപ്ത ട്വിറ്ററിൽ കുറിച്ചത്. ലില്ലി തോമസ് vs യൂണിയൻ ഓഫ് ഇന്ത്യ കേസിലെ 2013 ജൂലൈ 10 ലെ വിധി പ്രകാരം ‘ക്രിമിനൽ കുറ്റകൃത്യത്തിന് കുറഞ്ഞത് 2 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഏതെങ്കിലും എം പി, എം എൽ എ അല്ലെങ്കിൽ എം എൽ സിക്ക് ഉടൻ തന്നെ സഭയിലെ അംഗത്വം നഷ്‌ടപ്പെടുമെന്നും’ അദ്ദേഹം ചൂണ്ടികാട്ടുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാം എന്നാണ് കാഞ്ചൻ ഗുപ്ത പറയുന്നത്.
എന്നാൽ രാഹുലിന്‍റെ അപ്പീലിൽ മേൽക്കോടതി എന്ത് പറയുന്നു എന്നത് നോക്കിയാകും നടപടിയെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. അയോഗ്യത ഭിഷണിയിൽ ഹൈക്കോടതി എടുക്കുന്ന നിലപാടാകും രാഹുലിന് ഏറ്റവും നിർണ്ണായകമാകുക. വിധി പൂർണ്ണമായി സ്റ്റേ ചെയ്തില്ലെങ്കിൽ അയോഗ്യത ഉറപ്പാണ്. മേൽക്കോടതികൾ ഇത് അംഗീകരിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്സഭാ അംഗത്വം നഷ്ടമാകാനുള്ള സാഹചര്യം ഒരുങ്ങും.

തല്ക്കാലം കുറ്റം ചെയ്തെന്ന വിധി കോടതി അപ്പീൽ നല്കാനായി സ്റ്റേ ചെയ്തിരിക്കുകയാണ്. അതിനാൽ ഉടൻ രാഹുൽ അയോഗ്യനാകില്ല. അപ്പീൽ പരിഗണിക്കുമ്പോൾ ഹൈക്കോടതി വിധി പൂർണ്ണമായും സ്റ്റേ ചെയ്യണം. ശിക്ഷ മാത്രം സ്റ്റേ ചെയ്താലും അയോഗ്യത നിലവിൽ വരുമെന്നതാണ് മറ്റൊരു കാര്യം. അതിനാൽ മേൽക്കോടതികൾ എടുക്കുന്ന നിലപാട് രാഹുലിന് നിർണ്ണായകമാകും. അതായത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഇനി ഈ വിധി വലിയ സമ്മർദ്ദമായി തുടരുക തന്നെ ചെയ്യുമെന്നുറുപ്പ്.