സംവിധായകൻ മോഹൻലാൽ ;അഭിനയിക്കുന്നത് മകൻ പ്രണവ് ; വൈറലായി ‘ബറോസ്’ ലൊക്കേഷന്‍ വീഡിയോ

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസില്‍ പ്രണവ് മോഹന്‍ലാലിന് പങ്കാളിത്തമുള്ളതായി നേരത്തെ വാര്‍ത്തകള്‍ എത്തിയിരുന്നു. ചിത്രീകരണം അവസാനിച്ച സമയത്ത് ബറോസ് ലൊക്കേഷനില്‍ നിന്ന് പുറത്തെത്തിയ ഒരു ചിത്രത്തില്‍ പ്രണവ് ഉണ്ടായിരുന്നു എന്നത് ഈ റിപ്പോര്‍ട്ടുകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബറോസ് ലൊക്കേഷനിലേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

ക്യാമറയ്ക്ക് മുന്നില്‍ പ്രണവിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാല്‍ ആണ് വീഡിയോയില്‍. പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന പ്രണവിനോട് രംഗ ചിത്രീകരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് മോഹന്‍ലാല്‍. ടി കെ രാജീവ് കുമാറും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയുമൊക്കെ വീഡിയോയില്‍ ഉണ്ട്.

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസ് അക്കാരണം കൊണ്ടുതന്നെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ്. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.