കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദം. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരനായ അറ്റൻഡറുടെ സഹപ്രവർത്തകരായ വനിതാ ജീവനക്കാരാണ് സമ്മർദപ്പെടുത്തുന്നതെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. സംഭവത്തെക്കുറിച്ച് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്ന് യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചു. പരാതി പിൻവലിക്കണം, നഷ്ടപരിഹാരം തരാം എന്നാണ് അവർ പറയുന്നത്. ആശുപത്രി സൂപ്രണ്ടിന് ഭാര്യ പരാതി നൽകിയിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളിൽ വച്ചാണ് ആശുപത്രി ജീവനക്കാരൻ വടകര സ്വദേശി ശശീന്ദ്രൻ പീഡിപ്പിച്ചതെന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചരാവിലെ ആറു മണിക്കും പന്ത്രണ്ട് മണിക്കും ഇടയിലാണ് യുവതി പീഡനത്തിനിരയായത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റൻഡറാണ്. ഇതിനു ശേഷം മടങ്ങിയ ഇയാൾ അൽപസമയം കഴിഞ്ഞു തിരികെവന്നാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതി. മറ്റൊരു രോഗി ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാരെല്ലാം അവിടെയായിരുന്നു. ശസ്ത്രക്രിയക്കു വേണ്ടി അനസ്തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോൾ വാർഡിലുണ്ടായിരുന്ന നഴ്സിനോട് കാര്യം യുവതി പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.