കെകെ രമ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി വീണ്ടും ഡോക്ടറെ കണ്ടു;കൈക്ക് പരിക്കേറ്റു ;ഒരാഴ്ച കഴിഞ്ഞ് കൈയുടെ എംആർഐ സ്കാനിങ് എടുക്കണമെന്ന് ഡോക്ടർ പറഞ്ഞതായും രമ

സംഘർഷത്തിൽ കൈക്ക് പരിക്കേറ്റെന്ന് ഡോക്ടർ അറിയിച്ചതായി കെകെ രമ എംഎൽഎ. ലിഗമെൻ്റിനാണ് പരിക്കേറ്റത്. കെകെ രമ ഇന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. തന്റേത് എന്ന പേരിൽ പ്രചരിച്ച എക്സ്റേ വ്യാജമെന്ന് ഡോക്ടർ അറിയിച്ചതായും കെകെ രമ പറഞ്ഞു.
എന്നാൽ ഡിജിപിക്കും കമ്മീഷണർക്കും ഒക്കെയായി നിരവധി പേർക്ക് പരാതി കൊടുത്തെങ്കിലും ഇതുവരെ മൊഴിയെടുക്കാനോ ഒന്നും പൊലീസ് വന്നിട്ടില്ലെന്നും ഒരു അന്വേഷണവും അതുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ലെന്നും രമ പറയുന്നു.
നിയമസഭാ സംഘർഷത്തിൽ കൈക്ക് പരുക്ക് പറ്റിയ കെകെ രമ പ്ലാസ്റ്റർ ഇട്ടിരുന്നു. ഇത് വ്യാജമെന്നുള്ളതായിരുന്നു ഇടത് കേന്ദ്രങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്. പൊട്ടലില്ലാത്ത പരിക്കില്ലാത്ത കൈക്ക് പ്ലാസ്റ്റർ ഇട്ടു എന്ന രീതിയിലായിരുന്നു പ്രചരണം. ഒരു എക്സറേയും ആ വിധത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇന്ന് കെകെ രമ തുടർ പരിശോധനയ്ക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വിധേയയായിരുന്നു. ആ സമയത്ത് നേരത്തെ ഇട്ടിരുന്ന പ്ലാസ്റ്റർ അഴിച്ചുമാറ്റി പുതിയ പ്ലാസ്റ്റർ ഇടുകയും കൈക്ക് സാരമായി തന്നെ പരിക്കുണ്ട് എന്ന് ഡോക്ടർ പറയുകയും ചെയ്തതായാണ് രമ പറയുന്നത്. കൈയുടെ ലിഗമെൻ്റിന് പരുക്കുണ്ട്. ഒപ്പം നീര് കുറഞ്ഞിട്ടില്ല. നല്ല വേദനയുമുണ്ട്. അതുകൊണ്ട് തന്നെ പ്ലാസ്റ്റർ ഇനിയും തുടരണമെന്നുള്ള നിർദ്ദേശപ്രകാരമാണ് വീണ്ടും പ്ലാസ്റ്റർ ഇട്ടിരിക്കുന്നത്. ഒരാഴ്ച കഴിഞ്ഞ് കൈയുടെ എംആർഐ സ്കാനിങ് എടുക്കണമെന്നൊരാവശ്യം കൂടി ഡോക്ടർ മുന്നോട്ട് വച്ചിട്ടുണ്ട്. സഭാ സമ്മേളനം കഴിഞ്ഞ മറ്റ് എംഎൽഎമാരൊക്കെ തലസ്ഥാനം വിട്ടെങ്കിലും കെകെ രമ ചികിത്സാർത്ഥം ഇപ്പോഴും തിരുവനന്തപുരത്ത് തന്നെ തുടരുകയാണ്.